മുംബൈ: അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പ്രഫഷണല്‍ ഫീസായി 2.43 കോടി രൂപ ബിസിസിഐ നല്‍കും. ഡിസംബര്‍ 31വരെയുള്ള പ്രതിഫലമാണിത്. ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ ബൗളിംഗ് കോച്ച് ആയിരുന്ന പരസ് മാംബ്രയ്ക്ക് 27 ലക്ഷമാണ് ഫീസായി ലഭിക്കുക. ബിസിസിഐ വെബ്‌സൈറ്റിലാണ് കളിക്കാര്‍ക്കും പരിശീലകര്‍ക്കും നല്‍കിയ പ്രതിഫലത്തിന്റെ വിശാദാംശങ്ങളുള്ളത്.

കഴിഞ്ഞ വര്‍ഷം ടീമിന് നല്‍കിയ സേവനത്തിനുള്ള പ്രതിഫലമായി ആശിഷ് നെഹ്റയ്ക്ക് 60 ലക്ഷം രൂപയും അജിങ്ക്യാ രഹാനെയ്ക്ക് 1.47 കോടിയും ഹര്‍ദീക് പാണ്ഡ്യയ്ക്ക് 1.27 കോടിയും കുല്‍ദീപ് യാദവിന് 1.08 കോടിയും വൃദ്ധിമാന്‍ സാഹയ്ക്ക് 57.81 ലക്ഷവും അഭിനവ് മുകുന്ദിന് 33.69 ലക്ഷവും പ്രതിഫലമായി ലഭിക്കും.

നേരത്തെ അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്തതിന് പാരിതോഷികമായി ദ്രാവിഡിന് 50 ലക്ഷം രൂപ ബിസിസിഐ അനുവദിച്ചിരുന്നു. എന്നാല്‍ തിനിക്ക് മാത്രമല്ല സപ്പോര്‍ട്ട് സ്റ്റാഫിനും ടീം അംഗങ്ങള്‍ക്കും അതേരീതിയില്‍ പ്രതിഫലം നല്‍കണമെന്ന് ദ്രാവിഡ് ബിസിസിഐയോട് അഭ്യര്‍ഥിച്ചിരുന്നു.