ബംഗളൂരു: ദേശീയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് ബംഗളുരു സര്‍വ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ചു. കായിക രംഗത്തെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയാണ് ദ്രാവിഡ് ബഹുമതി നിരസിച്ചതെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച നടക്കുന്ന ബിരുദദാന ചടങ്ങില്‍ പകരം മറ്റാര്‍ക്കും ഓണററി ഡോക്ടറേറ്റ് സമ്മാനിക്കേണ്ടെന്നാണ് സര്‍വ്വകലാശാലയുടെ തീരുമാനം. ബംഗളൂരു സര്‍വകാലാശലയിലെ പൂര്‍വ വിര്‍ദ്യാര്‍ഥി കൂടിയാണ് ദ്രാവിഡ്. ദ്രാവിഡിന് ഓണററി ഡോക്ടറേറ്റ് നല്‍കാനുള്ള സര്‍വകലാശാല തീരുമാനം കര്‍ണാടക ഗവര്‍ണറും യൂണിവേഴ്സിറ്റി ചാന്‍സലറുമായ വജുബായ് ആര്‍ വാല കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

ദ്രാവിഡ് അടക്കം മൂന്ന് പേരുടെ പേരുകളാണ് സര്‍വകലാശാല ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്. ഇതില്‍ ദ്രാവിഡിന്റെ പേരായിരുന്നു ഗവര്‍ണര്‍ അംഗീകരിച്ചത്. മറ്റ് രണ്ടുപേരുകള്‍ ആരുടേതൊക്കെയാണെന്ന് ബംഗളൂരു സര്‍വകലാശാല പുറത്തുവിട്ടിട്ടില്ല. 2014ല്‍ ഗുല്‍ബര്‍ഗ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് ഓണററി ഡോക്ടറേറ്റ് നല്‍കാനായി തയാറാക്കിയ 12 പേരുടെ ചുരുക്കപ്പട്ടികയില്‍ ദ്രാവിഡ് ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ചടങ്ങില്‍ പങ്കെടുക്കാതെ ദ്രാവിഡ് വിട്ടു നിന്നു.