മുംബൈ: മീ ടു ആരോപണത്തില്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയെ പിന്തുണച്ച് ബിസിസിഐ ഇടക്കാല ഭരണസമിതി. ബിസിസിഐ സിഇഒയോട് പദവിയില്‍ തുടരാന്‍ വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാലസമിതി ആവശ്യപ്പെട്ടു. ജോഹ്രിയെ കുറ്റവിമുക്തനാക്കിയ മൂന്നംഗ സ്വതന്ത്ര കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ ഭിന്നകള്‍ക്കൊടുവിലാണ് ഇടക്കാല സമിതിയുടെ തീരുമാനം.

ഇടക്കാല സമിതിയില്‍ എന്ത് നടപടിയെടുക്കണമെന്ന ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് ജോഹ്രിക്ക് ഒപ്പം വിനോദ് റായി നിന്നത് എന്നാണ് സൂചന. എന്നാല്‍ മറ്റൊരു അംഗമായ ഡയാന എഡുല്‍ജി ജോഹ്രിയെ പുറത്താക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്‍. രണ്ട് പേര്‍ക്കുമിടയില്‍ സമവായമെത്താത്തതിനെ തുടര്‍ന്നാണ് ജോഹ്രിക്ക് തുടരാമെന്ന തീരുമാനത്തിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പരാതി ജോഫ്രിയെ കരിവാരിത്തേല്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് എന്നാണ് മൂന്നംഗ കമ്മിറ്റിയുടെ കണ്ടെത്തല്‍. മുന്‍ ജസ്റ്റിസ് രാകേഷ് ശര്‍മ്മ, ദില്ലി വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ബര്‍ക്കാ സിംഗ്, അഡ്വക്കേറ്റും ആക്റ്റിവിസ്‌റ്റുമായ വീണ ഗൗഡ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് പരാതി അന്വേഷിച്ചത്. ഒക്ടോബര്‍ 25ന് രൂപീകരിച്ച കമ്മിറ്റി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.