കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനവും മഴ രസംകൊല്ലിയാകുന്നു. ലഞ്ചിന് ശേഷം മഴയും വെളിച്ചക്കുറവും കാരണം മല്‍സരം പുനഃരാരംഭിക്കാനായിട്ടില്ല. ലഞ്ചിന് പിരിയുമ്പോള്‍ അഞ്ചിന് 74 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇപ്പോഴും ചെറിയതോതില്‍ മഴ പെയ്യുന്നതിനാല്‍ മല്‍സരം എപ്പോള്‍ തുടങ്ങുമെന്ന് വ്യക്തമാക്കാനാകാത്ത സ്ഥിതിയാണുള്ളത്. മൂന്നിന് 17 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യയ്‌ക്ക് ആജിന്‍ക്യ രഹാനെ(നാല്), ആര്‍ അശ്വിന്‍(നാല്) എന്നിവരുടെ വിക്കറ്റുകളാണ് രാവിലെ നഷ്‌ടമായത്. 47 റണ്‍സോടെ ചേതേശ്വര്‍ പൂജാരയും ആറു റണ്‍സോടെ വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍. ശ്രീലങ്കയ്‌ക്കുവേണ്ടി ലക്‌മല്‍ മൂന്നു വിക്കറ്റും ശനക രണ്ടു വിക്കറ്റും സ്വന്തമാക്കി. മഴ വില്ലനായ ആദ്യ ദിനം 11.5 ഓവര്‍ മാത്രമാണ് കളി നടന്നത്. കെ എല്‍ രാഹുലും നായകന്‍ വിരാട് കോലിയും പൂജ്യത്തിന് പുറത്തായപ്പോള്‍ ശിഖര്‍ ധവാന് എട്ടു റണ്‍സ് മാത്രമാണ് എടുക്കാനായത്. പതിവില്‍നിന്ന് വ്യത്യസ്‌തമായി പേസ് ബൗളിങിനെ തുണയ്‌ക്കുന്ന പിച്ചാണ് കൊല്‍ക്കത്തയില്‍ ഒരുക്കിയിരിക്കുന്നത്. ടോസ് നേടിയ ശ്രീലങ്ക ഇന്നലെ ഇന്ത്യയെ ബാറ്റിങിന് അയയ്‌ക്കുകയായിരുന്നു. ലങ്കന്‍ നായകന്റെ തീരുമാനം ശരിവെയ്‌ക്കുവിധമായിരുന്നു ബൗളര്‍മാര്‍ പന്തെറിഞ്ഞത്.