സിഡ്നി: ഇന്ത്യ പടുത്തുയര്‍ത്തിയ വന്‍ സ്കോറിന് മുന്നില്‍ തകര്‍ന്ന ഓസ്ട്രേലിയയെ തുണച്ച് കാലാവസ്ഥയും. ഇന്നലെ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിച്ചെങ്കില്‍ ഇന്ന് മത്സരം ഇതുവരെ തുടങ്ങാന്‍ സാധിച്ചിട്ടില്ല. രാവിലെ 4.30ന് കളി ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും മഴ മൂലം ഇതുവരെ ഒരു പന്ത് പോലും എറിയാന്‍ സാധിക്കാത്ത അവസ്ഥയാണ്.

പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഫോളോഓണ്‍ ഭീഷണിയിലാണ് മൂന്നാം ദിനം നേരത്തെ അവസാനിക്കുമ്പോള്‍ ഓസീസ് ആറിന് 236 എന്ന പരിതാപകരമായ നിലയിലാണ്. പാറ്റ് കമ്മിന്‍സ് (25), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (28) എന്നിവരാണ് ക്രീസില്‍. ഉസ്മാന്‍ ഖവാജ (27), മാര്‍കസ് ഹാരിസ് (79), ഷോണ്‍ മാര്‍ഷ് (8), മര്‍നസ് ലബുഷാഗ്നെ (22), ട്രാവിസ് ഹെഡ് (20), ടിം പെയ്ന്‍ (5) എന്നിവരാണ് പുറത്തായത്.

ഖവാജയുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 622ന് ഒപ്പമെത്താന്‍ ആതിഥേയര്‍ക്ക് ഇനിയും 386 റണ്‍സ് കൂടിവേണം. ഇന്ത്യയെ ഇനിയും ബാറ്റിങ്ങിന് അയക്കണമെങ്കിലും വേണം 186 റണ്‍സ്. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റ് വീഴ്ത്തി.

79 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 622ന് ഏഴ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

പന്തിന്റെ അതിവേഗ സെഞ്ചുറിയും പൂജാരയുടെ 193 റണ്‍സ് പ്രകടനവുമാണ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിന്‍റെ ഹൈലൈറ്റസ്. നാലിന് 303 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. രവീന്ദ്ര ജഡേജയും (81) വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി.