മുംബൈ: ലോധാ കമ്മിറ്റി ശുപാര്‍ശകള്‍ എത്രത്തോളം നടപ്പാക്കാനാകുമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഏഴംഗ സമിതിക്ക് ബിസിസിഐ രൂപംനല്‍കി. ഐപിഎല്‍ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ലയാണ് സമിതി ചെയര്‍മാന്‍. ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയാണ് സമിതി കണ്‍വീനര്‍. ടി സി മാത്യു, സൗരവ് ഗാംഗുലി, നാബാ ഭട്ടചാര്‍ജി, ജേ ഷാ, അനിരുദ്ധ് ചൗധരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. രണ്ടുദിവസത്തിനകം പ്രവര്‍ത്തനമാരംഭിക്കുന്ന സമിതി 14 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ലോധാ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിനെ ചൊല്ലി വിനോദ് റായി അധ്യക്ഷനായ ഭരണസമിതി കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിസിസിഐയുടെ പുതിയ നീക്കം. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ബിസിസിഐ തയ്യാറാകുന്നില്ലെങ്കില്‍ സ്ഥാനമൊഴിയാനാണ് വിനോദ് റായിയുടെ തീരുമാനമെന്ന് സൂചനയുണ്ടായിരുന്നു. ലോധാ സമിതി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ രണ്ട് മാസം കൂടി മാത്രമേ കാത്തിരിക്കൂവെന്ന് റായ് വ്യക്തമാക്കിയിരുന്നു. ജൂലെ 14നാണ് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുന്നോടിയായി റിപ്പോര്‍ട്ട് നല്‍കാനാണ് ബിസിസിഐ സമിതിയുടെ തീരുമാനം. അതേസമയം, ലോധാ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നത് വൈകിപ്പിക്കാനായാണ് ബസിസിഐ നടപടി എന്ന് വിലയിരുത്തലുണ്ട്.
മുംബൈയിൽ ചേർന്ന പ്രത്യേകയോഗത്തിലാണ്, ഒരു സംസ്ഥാനത്തിന് ഒരു വോട്ടെന്ന നിര്‍ദേശവും, ഭരണരംഗത്തുള്ളവരുടെ പ്രായപരിധി നിശ്ചയിക്കുന്ന നിര്‍ദേശവും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനാകുമോയെന്ന അഭിപ്രായമുയർന്നത്. അപേക്ഷകൾ പരിശോധിച്ച് പതിവുരീതിയില്‍തന്നെയാകും പുതിയപരിശീലകനെ തിരഞ്ഞെടുക്കുകയെന്നും, കേന്ദ്രസർക്കാരിൻറെ അനുവാദമില്ലാതെ പാകിസ്ഥാനുമായി ക്രിക്കറ്റ്പരമ്പര സംഘടിപ്പിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
