മുംബൈ: ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റും മുന്‍ ഐപിഎല്‍ ചെയര്‍മാനുമായിരുന്ന രാജീവ് ശുക്ല പുലിവാല് പിടിച്ചു. ലോകകപ്പ് ഫൈനലിലെത്തിയ ടീമിനെ ട്വീറ്ററില്‍ അഭിനന്ദിച്ച ശുക്ല ലോകകപ്പിന് പകരം ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എന്നാണ് പരാമര്‍ശിച്ചത്. അബദ്ധം തിരിച്ചറിഞ്ഞ് ശുക്ല ട്വീറ്റ് ഉടന്‍ ‍ഡീലിറ്റ് ചെയ്തെങ്കിലും അതിനു മുമ്പെ ആരാധകര്‍ കൈയോടെ പിടിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ഭരണരംഗത്ത് ഏറെക്കാലം പരിചയസമ്പത്തുള്ള കോണ്‍ഗ്രസ് നേതാവു കൂടിയായ ശുക്ല പുരുഷ ക്രിക്കറ്റ് ടീം ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയതിന്റെ ഓര്‍മയിലാണ് ട്വീറ്റിട്ടത്. എന്നാല്‍ ക്രിക്കറ്റ് ഭരണാധികാരി കൂടിയായ ശുക്ലയുടെ ട്വീറ്റിലൂടെ വനിതാ ക്രിക്കറ്റിന് ബിസിസിഐ എത്രമാത്രം പ്രാധാന്യം നല്‍കുന്നവെന്ന് വ്യക്തമായെന്നായിരുന്നു ആരാധകരുടെ കമന്റ്.

വനിതാ ക്രിക്കറ്റ് ടീമിനെയാകെ നാണംകെടുത്തുന്ന നടപടിയായി ശുക്ലയുടെ അഭിനന്ദനമെന്നായിരുന്നു മറ്റൊരു ആരാധകന്റെ മറുപടി. സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരും ആറു തവണ ലോകകപ്പ് ജേതാക്കളുമായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.