ഒളിംപിക്‌സിനായി കായിക താരങ്ങളെ ഒരുക്കാനാണ് കേന്ദ്ര കായിക മന്ത്രാലയം നിരീക്ഷകരെ നിയമിച്ചത്

ദില്ലി: ദേശീയ കായിക നിരീക്ഷകരുടെ രാജിക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര കായിക സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍. ഭിന്ന താല്പര്യക്കാരോട് വിട്ടുവീഴ്ചയില്ല. സ്വന്തം അക്കാദമികള്‍ നടത്തുന്നവര്‍ക്കെതിരെ ടീം തെരെഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കേന്ദ്ര കായിക സഹമന്ത്രി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

അഞ്ജു ബോബി ജോര്‍ജ്, പി ടി ഉഷ തുടങ്ങി എല്ലാവരെയും നേരിട്ട് വിളിച്ചാണ് താന്‍ നിലപാട് അറിയിച്ചത്. പലരും സ്വന്തം ഇഷ്ടപ്രകാരം രാജിവെക്കുകയായിരുന്നു ഇനിയും സ്ഥാനം ഒഴിയാന്‍ തയ്യാറാകാത്തവരുണ്ട്. അവരോട് മാന്യമായി ഒഴിയാന്‍ ആവശ്യപ്പെടുമെന്നും റാത്തോര്‍ പറഞ്ഞു. നേരത്തെ പദവി ഒഴിയണമെന്നാവശ്യപ്പെട്ട് അഞ്ജു ബോബി ജോര്‍ജ്ജ് അടക്കമുള്ള അഞ്ച് മുന്‍ കായിക താരങ്ങള്‍ക്ക് കേന്ദ്ര കായികമന്ത്രാലയം കത്തയച്ചിരുന്നു. 

ഒളിംപിക്‌സിനായി കായിക താരങ്ങളെ ഒരുക്കുന്നതിന്റെ ഭാഗമായാണ് വിവിധ ഇനങ്ങളില്‍ 12 മുന്‍ താരങ്ങളെ കേന്ദ്ര കായിക മന്ത്രാലയം നിരീക്ഷകരായി നിയമിച്ചത്. ഇതില്‍ അഞ്ചുപേരോടാണ് കേന്ദ്ര കായികമന്ത്രാലയം രാജി ആവശ്യപ്പെട്ടത്.