ദില്ലി: കാന്‍സര്‍ ബാധിച്ച അമ്മയ്ക്കായി ഒളിംപിക് ജേതാവ് സുശീല്‍ കുമാറിനെ തോല്‍പിച്ച് പ്രോ റെസിലിംഗ് ലീഗ് കിരീടം സ്വന്തമാക്കുമെന്ന് പര്‍വ്വീന്‍ റാണ. കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രയല്‍സില്‍ റാണയെ തോല്‍പിച്ച് സുശീല്‍ കുമാര്‍ കോമണ്‍വെല്‍ത്തിന് യോഗ്യത നേടിയിരുന്നു. എന്നാല്‍ മത്സര ശേഷം സുശീല്‍ കുമാറിന്‍റെ അനുയായികള്‍ പര്‍വ്വീന്‍ റാണയെയും സഹേദരനെയും ആക്രമിച്ചിരുന്നു.

റിംഗിന് പുറത്ത് ആരാധകര്‍ തന്നെ ആക്രമിച്ചത് വേദനിപ്പിച്ചുവെന്ന് റാണ പറഞ്ഞു. തന്നെയും സഹോദരനെയും ആക്രമിച്ച സംഭവം കാന്‍സര്‍ ബാധിതയായ അമ്മയ്ക്ക് വളരെയധികം വിഷമമുണ്ടാക്കി. അതിനാല്‍ പ്രോ റെസിലിംഗ് ലീഗില്‍ സുശീല്‍ കുമാറിനെ മറികടന്ന് താന്‍ കിരിടം സ്വന്തമാക്കുമെന്ന് റാണ പറഞ്ഞു. സുശീല്‍ കുമാര്‍ വിജയിച്ചതിനു പിന്നാലെ സുശീലിന്‍റെ അനുയായികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 

സുശീലിന്‍റെ അനുയായികളുടെ ആക്രമണം തന്നെ തളര്‍ത്തില്ലെന്നും പ്രോ റെസിലിംഗ് ലീഗിനായി പരിശീലനവുമായി മുന്നോട്ട് പോകും. എതിരാളി ലോകചാമ്പ്യനായാലും ഒളിംപിക് ജേതാവായാലും പൂര്‍ണ കായികക്ഷമതയുള്ള താന്‍ നേരിടുമെന്നും റാണ പറഞ്ഞു. ആരാധകര്‍ തമ്മില്‍ നടന്ന കൂട്ടത്തല്ലിനെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ ദില്ലി പൊലീസ് കേസെടുത്തിരുന്നു.