ദില്ലി: ഗ്രൗണ്ടിലേക്ക് വഴിയാത്രക്കാരന്‍ കാറോടിച്ചുകയറ്റിയതിനാല്‍ ദില്ലി- ഉത്തര്‍പ്രദേശ് രഞ്ജി ട്രോഫി മത്സരം തടസപ്പെട്ടു. ഗിരീഷ് ശര്‍മ്മ എന്നയാളാണ് ദില്ലിയിലെ പാലം സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്കിടയിലൂടെ വാഹനം ഓടിച്ചത്. മത്സരം അവസാനിക്കുന്നതിനു 20 മിനിറ്റ് മുമ്പായിരുന്നു സംഭവം. മത്സരം നിര്‍ത്തിവെച്ച അംപയര്‍മാര്‍ പിച്ച് പരിശോധിച്ച ശേഷമാണ് മത്സരം പുന:രാരംഭിച്ചത്. 

രണ്ടുതവണ പിച്ചിലൂടെ കാര്‍ കയറ്റിയ ഇയാളെ താരങ്ങളും അംപയര്‍മാരും ചേര്‍ന്ന് തടയാന്‍ ശ്രമിച്ചു. എന്നാല്‍ വഴിതെറ്റിയാണ് ഗ്രൗണ്ടിലെത്തിയതെന്നും മഃനപൂര്‍വ്വം മത്സരം തടസപ്പെടുത്തിയില്ലെന്നുമാണ് ഗിരീഷ് ശര്‍മ്മയുടെ വാദം. മത്സരം തടസപ്പെടുത്തിയതിന് ഗിരീഷ് ശര്‍മ്മക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഇശാന്ത് ശര്‍മ്മ തുടങ്ങിയവര്‍ ഗ്രൗണ്ടിലുണ്ടായിരുന്നു.