സൂററ്റ്:രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിനെതിരെ വിദര്‍ഭക്ക് ബാറ്റിംഗ് തകര്‍ച്ച. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞു കിടന്നതിനാല്‍ ഏറെ വൈകി തുടങ്ങിയ കളിയില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വിദര്‍ഭ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. വിദര്‍ഭയുടെ സ്റ്റാര്‍ ഓപ്പണര്‍മാരായ ഫായിസ് ഫസലും സഞ്ജയ് രാമസ്വാമിയും പുറത്തായത് കേരളത്തിന് ആശ്വാസമാണ്.

ഫസലിനെ(2) നിഥീഷും രാമസ്വാമിയെ(17)യും വസീം ജാഫറിനെയുംം(12)അക്ഷയ് കെ.സിയും പുറത്താക്കി. ഏഴു റണ്‍സ് വീതമെടുത്ത ഗണേഷ് സതീഷും കരണ്‍ ശര്‍മയുമാണ് ക്രീസില്‍. ആദ്യ ദിനം 24 ഓവര്‍ മാത്രമാണ് കളി നടന്നത്. ടോസ് നേടിയ വിദര്‍ഭ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ക്വാർട്ടർ ഫൈനൽ മുതൽ അഞ്ചു ദിവസമാണു മൽസരം. മൽസരം സമനിലയിലായാലും മഴ പെയ്തു മൽസരം ചുരുങ്ങിയാലും സെമി ടിക്കറ്റ് നേടുക ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയവരാവും. ഒന്നാം ഇന്നിംഗ്സ് പൂർത്തിയാക്കാൻ ആറാം ദിനം റിസർവായുമുണ്ട്. ഒന്നാം ഇന്നിങ്സ് ലീഡിനായാണ് ആദ്യ പോരാട്ടം. അതു കൈവിട്ടാൽ പിന്നെ മൽസരം ജയിക്കുക തന്നെ വേണം.

ഈ സാഹചര്യത്തില്‍ ആദ്യ ദിനം തന്നെ വിദര്‍ഭയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്താനായത് കേരളത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. കാരണം സീസണിൽ ആറ് കളികളിൽ നിന്ന് ഒരു ഇരട്ട സെഞ്ചുറിയടക്കം നാലു സെഞ്ചുറികളും അടക്കം 710 റൺസാണ് ഫയാസിന്റെ സമ്പാദ്യം. സഞ്ജയ് രാമസ്വാമിയാകട്ടെ മൂന്നു സെഞ്ചുറിയടക്കം 665 റൺസും സ്വന്തമാക്കിയിരുന്നു. ഈ ഓപ്പണിംഗ് തകർക്കാനായി എന്നത് കേരളത്തിന് അനുകൂലമാണ്.