ജംഷഡ്പൂര്‍: ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി ക്രികറ്റില്‍ കേരളത്തിന് മേല്‍ക്കൈ. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഛത്തീസ്ഗഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. കേരളത്തിന് വേണ്ടി മോനിഷും ഇക്ബാല്‍ അബ്ദുള്ളയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജലജ് സക്സേന രണ്ട് വിക്കറ്റെടുത്തു. 37 റണ്‍സെടുത്ത അഭിമന്യു ചൗഹാനാണ് ഛത്തീസ്ഗഡിന്റെ ടോപ് സ്കോറര്‍.
നേരത്തെ 194/8 എന്ന നിലയില്‍ രണ്ടാം ദിനം കളി തുടങ്ങിയ കേരളം 207 റണ്‍സിന് ഓള്‍ ഔട്ടായി. 62 റണ്‍സെടുത്ത രോഹന്‍ പ്രേമാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ ഒരുവിക്കറ്റ് ശേഷിക്കെ ഛത്തീസ്ഗഢിന് ഇനയും 28 റണ്‍സ് കൂടി വേണം. 10 ടീമുള്ള ഗ്രൂപ്പ് സിയില്‍ എട്ടാം സ്ഥാനത്തുളള കേരളത്തിന് പോയന്റ് പട്ടികയില്‍ മുന്നിലെത്താന്‍ വിജയം അനിവാര്യമാണ്.
