രാജ്കോട്ട്: അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടി മുംബൈയെ രഞ്ജി ട്രോഫി ഫൈനലിലേക്ക് നയിച്ച കൗമാര താരം പൃഥ്വി ഷാ മൂന്നക്കം കടന്നത് നാടകീയവും വികാരനിര്‍ഭരവുമായ നിമിഷങ്ങള്‍ക്കൊടുവില്‍. തമിഴ്നാടിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണറായി ഇറങ്ങിയ പൃഥ്വി 120 റണ്‍സ് നേടിയാണ് ടീമിനെ ജയത്തിലേക്കും ഫൈനലിലേക്കും നയിച്ചത്.

പൃഥ്വി സമ്മര്‍ദ്ദം നിറഞ്ഞ 90കളില്‍ എത്തിയപ്പോഴെ അച്ഛന്‍ പങ്കജും മുത്തശ്ശി ദുലാരിയും പ്രാര്‍ഥനയിലായിരുന്നു.

എന്നാല്‍ ആന്റി ക്ലൈമാക്സ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. കുടുംബത്തിന്റെ പ്രാര്‍ഥനയുടെ ഫലമെന്നപോലെ പൃഥ്വി ഔട്ടായ പന്ത് നോ ബോളായിരുന്നുവെന്ന അമ്പയറുടെ പ്രഖ്യാപനം പിന്നാലെ വന്നു. ക്രീസില്‍ നിന്നും ഡ്രസ്സിംഗ് റൂമിലേക്ക് നടന്ന പൃഥ്വി വീണ്ടും ക്രീസിലേക്ക്. പിന്നാലെ പൃഥ്വിയുടെ സെഞ്ചുറി പിറന്നു. പൃഥ്വിയുടെ വാകോലയിലെ വസതിയിലും പുറത്തും ആഘോഷം തുടങ്ങി.

152 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്സറും സഹിതമാണ് കന്നി സെഞ്ചുറി പൃഥ്വി ഷാ നേടിയത്. സ്ഥിരം ഓപ്പണര്‍ അഖില്‍ ഹാല്‍ദിപൂരിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് പൃഥ്വിക്ക് സീനിയര്‍ ടീമില്‍ അവസരമൊരുങ്ങിയത്.ടീമിനെ ജയത്തിലേക്ക് നയിച്ചതിനൊപ്പം രഞ്ജിയില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന 13-ാമത്തെ താരമെന്ന ബഹുമതിയും പൃഥ്വി സ്വന്തമാക്കി. മുമ്പ് സച്ചിനും അമോല്‍ മജൂംദാറുമൊക്കെ സ്വന്തമാക്കിയ നേട്ടം. സച്ചിനുശേഷം ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടുന്ന കളിക്കാരന്‍ കൂടിയാണ് 17 വയസും 57 ദിവസവും മാത്രം പ്രായമുള്ള പൃഥ്വി. പതിനഞ്ചാം വയസിലായിരുന്ന സച്ചിന്റെ ഫസ്റ്റ് ക്ലാസ് സെഞ്ചുറി.

അണ്ടര്‍-19 ഏഷ്യകപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന പ്രൃഥ്വി ഷാ അഞ്ച് മത്സരങ്ങളില്‍ നിന്ന് 191 റണ്‍സ് നേടിയിരുന്നു. ടീമിന്റെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ പിന്തുണയാണ് പൃഥ്വിയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിര്‍ണായകമായത്. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍ പ്രൃഥ്വിയുടെ പേരിലായിരുന്നു. ഹാരീസ് ഷീല്‍ഡ് കപ്പില്‍ റിസ്വിസ് പ്രിങ്ഫീല്‍ഡിനായി 330 പന്തില്‍നിന്ന് 546 റണ്‍സാണ് സ്‌കോര്‍ചെയ്തത്. മറ്റൊരു മുംബൈ താരം പ്രണവ് ധാന്‍വാഡെ 1009 റണ്‍സ് നേടിയതോടെയാണ് റെക്കോഡ് തകര്‍ന്നത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്-Mid Day