മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്ക്കെതിരെ കേരളത്തിന് 56 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 342 റണ്‍സിന് മറുപടിയായി 169/6 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഗോവ 286 റണ്‍സിന് പുറത്തായി. 56 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് നേടിയ കേരളം മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തിട്ടുണ്ട്.

60 റണ്‍സുമായി രോഹന്‍ പ്രേമും 56 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസില്‍. രണ്ടാം ഇന്നിംഗ്സില്‍ നാലിന് 54 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇരുവരും കരകയറ്റുകയായിരുന്നു.

നേരത്തെ വാലറ്റത്ത് പൊരുതിയ ജക്കാതിയുടെ(85) ഇന്നിംഗ്സാണ് ഗോവയെ 250 കടത്തിയത്. ബണ്ഡേക്കര്‍ക്കൊപ്പം ഏഴാം വിക്കറ്റില്‍ ജകാതി 97 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ലീഡ് പ്രതീക്ഷ നല്‍കിയെങ്കിലും ബണ്ഡേക്കറെ പുറത്താക്കി ഇക്ബാല്‍ അബ്ദുള്ള കേരളത്തിന്റെ രക്ഷകനായി. കേരളത്തിനായി വിനോദ് കുമാര്‍ നാലും സന്ദീപ് വാര്യര്‍ മൂന്നും വിക്കറ്റ് വീഴ്‌ത്തി.

കേരളത്തിന്റെ സഞ്ജു സാംസണ്‍ രണ്ടാം ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ തക്കര്‍(1), വിനോദ് കുമാര്‍(20), സച്ചിന്‍ ബേബി(6) എന്നിവരും നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്സില്‍ സഞ്ജു 35 റണ്‍സെടുത്തിരുന്നു. ഗ്രൂപ്പ് സിയില്‍ നാലാം സ്ഥാനത്തുള്ള കേരളത്തിന് പോയന്റ് പട്ടികയില്‍ മുന്നിലെത്താന്‍ വിജയം അനിവാര്യമാണ്.