സൂററ്റ്: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരളത്തിന് മേല്‍ക്കൈ. രണ്ടാം ദിനം വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് 246 റണ്‍സിലൊതുക്കിയ കേരളം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയിലാണ്. എട്ട് റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്റെയും നൈറ്റ് വാച്ചമാനായി എത്തിയ സന്ദീപ് വാര്യരുടെയും(0) വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

13 റണ്‍സെടുത്ത ജലജ് സക്സേനയും അഞ്ച് റണ്‍സോടെ രോഹന്‍ പ്രേമുമാണ് ക്രീസില്‍. എട്ടു വിക്കറ്റ് ശേഷിക്കെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ കേരളത്തിന് ഇനിയും 214 റണ്‍സ് കൂടി വേണം. നേരത്തെ 45/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭ 246 റണ്‍സിന് ഓള്‍ ഔട്ടായി.

193 റണ്‍സില്‍ ഒമ്പതാം വിക്കറ്റ് വീണശേഷം അവസാന വിക്കറ്റില്‍ വഖാറെയും(27 നോട്ടൗട്ട്), ലളിത് യാദവും(24) നടത്തിയ പോരാട്ടമാണ് വിദര്‍ഭയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കേരളത്തിനായി കെ സി അക്ഷയ് അഞ്ചു വിക്കറ്റെടുത്തപ്പോള്‍ ജലജ് സക്സേന മൂന്ന് വിക്കറ്റെടുത്തു.