കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ കര്‍ണ്ണാടകയെ അഞ്ച് റണ്‍സിന് തോല്‍പിച്ച് വിദര്‍ഭ ഫൈനലില്‍. ഡിസംബര്‍ 29ന് വിദര്‍ഭ ഫൈനലില്‍ ഡല്‍ഹിയെ നേരിടും. 198 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കര്‍ണ്ണാടക വിദര്‍ഭയുടെ ബൗളിംഗ് മികവിന് മുന്നില്‍ 192ന് പുറത്തായി. അതേസമയം ബംഗാളിനെതിരെ ഇന്നിംഗ്സിനും 26 റണ്‍സിനും ആധികാരിക വിജയം നേടിയാണ് ഡല്‍ഹി ഫൈനലിലെത്തിയത്.

23.1 ഓവറില്‍ 68 റണ്‍സിന് എഴ് വിക്കറ്റ് വീഴ്ത്തിയ ഗുര്‍ബാനിയാണ് കര്‍ണ്ണാടകയെ എറിഞ്ഞിട്ടത്. രണ്ട് ഇന്നിംഗ്സുകളിലുമായി ഗിര്‍ബാനി 12 വിക്കറ്റുകള്‍ പിഴുതു. വാലറ്റത്ത് 36 റണ്‍സുമായി പൊരുതിയ വിനയ് കുമാറാണ് കര്‍ണ്ണാടകയുടെ ടോപ് സ്കോറര്‍. ആദ്യ ഇന്നിംഗ്സില്‍ 116 റണ്‍സ് ലിഡ് നേടിയിട്ടും കര്‍ണ്ണാടക തോല്‍വി വഴങ്ങുകയായിരുന്നു. 

ആദ്യ ഇന്നിംഗ്സില്‍ വിദര്‍ഭ 185 റണ്‍സ് നേടിയപ്പോള്‍ കര്‍ണ്ണാടക 301 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ വിദര്‍ഭ 313 റണ്‍സടിച്ച് 198 റണ്‍സ് ലീഡ് സ്വന്തമാക്കി. വിദര്‍ഭയുയര്‍ത്തിയ 198 റണ്‍സ് മറികടക്കാന്‍ കര്‍ണ്ണാടക ബാറ്റ്സ്മാന്‍മാര്‍ക്കായില്ല. ഡിസംബര്‍ 29ന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് വിദര്‍ഭ- ഡല്‍ഹി ഫൈനല്‍.