ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് എന്ന നേട്ടം അഫ്ഗാന്‍ താരത്തിന്

ഹരാരേ: അഫ്ഗാനിസ്ഥാന്‍ സ്‌പിന്‍ വിസ്‌മയം റാഷിദ് ഖാന് ഏകദിനത്തില്‍ പുതിയ റെക്കോര്‍ഡ്. ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരമായി റാഷിദ് ഖാന്‍. 44-ാം ഏകദിന മത്സരത്തിലാണ് റാഷിദ് ഖാന്‍ റെക്കോര്‍ഡിലെത്തിയത്. ലോകകപ്പ് യോഗ്യതാ റൗണ്ട് ഫൈനലില്‍ 23 റണ്‍സെടുത്ത വിന്‍ഡീസ് താരം ഷായ് ഹോപ്പിനെ വീഴ്ത്തിയാണ് റാഷിദ് ചരിത്രം തിരുത്തിയത്.

ഇതോടെ 2016ല്‍ 52 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് തികച്ച ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ റെക്കോര്‍ഡ് പഴങ്കഥയായി. 53 മത്സരങ്ങളില്‍ നേട്ടത്തിലെത്തിയ പാക് സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖാണ് മൂന്നാം സ്ഥാനത്ത്. നേരത്തെ 26-ാം മത്സരത്തില്‍ അമ്പത് വിക്കറ്റ് പൂര്‍ത്തിയാക്കുമ്പോള്‍ എട്ടാം സ്ഥാനത്തായിരുന്നു താരം. എന്നാല്‍ അടുത്ത 17-ാം മത്സരത്തില്‍ വിക്കറ്റ് സെഞ്ചുറി തികയ്ക്കാനായി എന്നതാണ് റാഷിദ് ഖാനെ വ്യത്യസ്തമാക്കുന്നത്. 

അഫ്ഗാന് ലോകകപ്പ് യോഗ്യത ലഭിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരം കൂടിയാണ് ഈ പത്തൊമ്പതുകാരന്‍. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കിടെ പ്രായം കുറഞ്ഞ നായകന്‍ എന്ന പദവിയിലെത്തിയിരുന്നു റാഷിദ്. നിലവില്‍ ഏകദിന റാങ്കിംഗില്‍ രണ്ടാമതാണ് ഈ അഫ്ഗാന്‍ സ്‌പിന്നര്‍. പതിനെട്ട് റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിന്‍റെ മികച്ച ബൗളിംഗ് പ്രകടനം.