ഗോള്‍: ശ്രീലങ്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. 50-ാം ടെസ്റ്റിനിറങ്ങിയ അശ്വിന്‍ 50 ടെസ്റ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന ഹാഡ്‌ലിയുടെ 36 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇന്ന് തിരുത്തിയെഴുതിയത്. ലങ്കയുടെ ഒന്നാം ഇന്നിംഗ്സില്‍ വീണ അഞ്ചു വിക്കറ്റില്‍ ഒരെണ്ണം അശ്വിന്‍ സ്വന്തമാക്കുകയും ചെയ്തു. 50 ടെസ്റ്റില്‍ നിന്ന് 275 വിക്കറ്റാണ് ഇപ്പോള്‍ അശ്വിന്റെ സമ്പാദ്യം. ഇത്രയും ടെസ്റ്റില്‍ നിന്ന് 262 വിക്കറ്റായിരുന്നു ഹാഡ്‌ലി നേടിയിരുന്നത്.

ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഇന്ത്യ 399 റണ്‍സടിച്ച് റെക്കോര്‍ഡിട്ടപ്പോള്‍ രണ്ടാം ദിനം ഇരു ടീമുകളും ചേര്‍ന്ന് 350 റണ്‍സിലേറെ അടിച്ചുകൂട്ടി. ഇതാദ്യമായാണ് ലങ്കയില്‍ നടക്കുന്ന ഒരു ടെസ്റ്റില്‍ ആദ്യ രണ്ടുദിനവും 350 റണ്‍സിന് മേല്‍ സ്കോര്‍ ചെയ്യപ്പെടുന്നത്. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 600 റണ്‍സടിച്ച ഇന്ത്യ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് 600 കടക്കുന്നത്. വിദേശ പരമ്പരകളിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഒമ്പതാമത്തെ സ്കോറാണിത്.

ഉപുല്‍ തരംഗ റണ്ണൗട്ടായി പുറത്തായതോടെ ലങ്കയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡും സ്വന്തമായി. 2014നുശേഷം ടെസ്റ്റില്‍ പതിനെട്ടാം തവണയാണ് ഒരു ലങ്കന്‍ ബാറ്റ്സ്മാന്‍ റണ്ണൗട്ടായി പുറത്താവുന്നത്. റണ്ണൗട്ടിലൂടെ 15 തവണവീതം പുറത്താക്കപ്പെട്ടിട്ടുള്ള പാക്കിസ്ഥാനും ഇംഗ്ലണ്ടുമാണ് ലങ്കയ്ക്ക് പിന്നിലുള്ളത്.