മുൻക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണി ഇന്ത്യൻ ക്രിക്കറ്റിലെ മാതൃകാ താരമാണെന്ന് കോച്ച് രവി ശാസ്ത്രി. 36 കാരനായ ധോണിക്ക് ഇപ്പോഴും 26കാരന്‍റെ ശാരീരികക്ഷമത ആണെന്നും ശാസ്ത്രി പറഞ്ഞു. ധോണിയുടെ കാലം കളിഞ്ഞുവെന്ന വിർമശകർക്ക് ഇന്ത്യൻ കോച്ച് നൽകുന്ന മറുപടി ഇങ്ങനെ- താനും വിരാട് കോലിയും മണ്ടൻമാരല്ല. നാൽപത് വർഷമായി താനും പത്തുവർഷത്തിലേറെ ആയി കോലിയും സജീവ ക്രിക്കറ്റിലുണ്ട്. ധോണിയുടെ ശക്തിദൗർബല്യങ്ങൾ അടുത്തറിയുന്നവരാണ് തങ്ങൾ. ധോണിക്കെതിരെ വിമർശനം ഉന്നയിക്കുന്നവർ അവർ ഈ പ്രായത്തിൽ എങ്ങനെയാണ് കളിച്ചിരുന്നതെന്ന് ഓർക്കണമെന്നും ശാസ്ത്രി പറഞ്ഞു. നേരത്തേ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം എസ് കെ പ്രസാദും ധോണിക്ക് പരസ്യ പിന്തുണ നൽകിയിരുന്നു. നിലവിൽ ധോണിക്ക് പകരം വയ്ക്കാൻ മറ്റൊരു കളിക്കാരനില്ലെന്നും 2019 ലോകകപ്പ് വരെ ധോണി തുടരുമെന്നും എം എസ് കെ പ്രസാദ് വ്യക്തമാക്കി.