ലോകകപ്പിന് മുന്‍പ് ടീമില്‍ മാറ്റങ്ങളുണ്ടാകില്ലെന്ന് പരിശീലകന്‍ രവി ശാസ്ത്രി. ഫോമിലല്ലാത്ത ധോണിക്ക് ആശ്വാസമാകുന്നതാണ് ശാസ്ത്രിയുടെ വാക്കുകള്‍...

മുംബൈ: ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷംനടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ ടീം. ഫോമിലല്ലാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എംഎസ് ധോണി ലോകകപ്പിനുണ്ടാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. എന്നാല്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി നല്‍കുന്ന സൂചനകളനുസരിച്ച് ധോണി ഇംഗ്ലണ്ടില്‍ നീലക്കുപ്പായത്തിലുണ്ടാകും.

ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി. ഒത്തൊരുമയോടെ ടീം ലോകകപ്പിനായി തയ്യാറെടുക്കേണ്ട സമയമാണിത്. കാര്യമായ പരിക്കുകള്‍ താരങ്ങള്‍ക്കുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ ടീമിലുള്ള 15 പേരും ലോകകപ്പ് കളിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ ടീമില്‍ നിന്ന് ആരെയും പുറത്താക്കുകയോ മാറ്റങ്ങള്‍ വരുത്താനോ ഉദ്യേശിക്കുന്നില്ല. ആ സമയം അതിക്രമിച്ചിരിക്കുന്നു.- ഓസ്‌ട്രേലിയക്ക് പുറപ്പെടും മുന്‍പ് ശാസ്ത്രി വ്യക്തമാക്കി.

ടി20 ടീമില്‍ നിന്ന് പുറത്തായെങ്കിലും ധോണി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന സൂചനയാണ് ഇന്ത്യന്‍ പരിശീലകന്‍ നല്‍കിയത്. ലോകകപ്പിന് മുന്‍പ് 13 ഏകദിനങ്ങളാണ് ഇന്ത്യ ഇനി കളിക്കുക. ഓസ്‌ട്രേലിയക്കെതിരെ എട്ട് ഏകദിനങ്ങളും(ഓസ്‌ട്രേലിയയില്‍ മൂന്ന്, ഇന്ത്യയില്‍ അഞ്ച്,) ന്യൂസീലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളും ഇന്ത്യ കളിക്കും.