മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ വിശ്രമമില്ലാത്ത മത്സരക്രമത്തിനെതിരെ കോച്ച് രവി ശാസ്‌ത്രി. കളിക്കാര്‍ക്ക് ആവശ്യമായ വിശ്രമം അനുവദിക്കണമെന്ന് ശാസ്‌ത്രി ബിസിസിഐയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇത് വിശ്രമം ഇല്ലാത്ത കാലം. ശ്രീലങ്കന്‍ പര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഇന്ത്യ അടുത്തയാഴ്ച ഓസ്‍ട്രേലിയയെ നേരിടും. അഞ്ച് ഏകദിനവും മൂന്ന് ട്വന്‍റി 20യുമാണ് ഓസീസിനെതിരെ കളിക്കുക. ഓസീസ് മടങ്ങി നാല് ദിവസം കഴിയുമ്പോള്‍ ന്യുസീലന്‍ഡ് ഇന്ത്യയിലെത്തും.

കിവീസുമായുള്ള കളി തീരുമ്പോള്‍ ശ്രീലങ്കയുമായി വീണ്ടും പരമ്പര.ഡിസംബര്‍ അവസാനം നാലു ടെസ്റ്റും മൂന്ന് ട്വന്‍റി 20യും മൂന്ന് ഏകദിനവും ഉള്‍പ്പെട്ട പരമ്പരയ്‌ക്കായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും. തുടര്‍മത്സരങ്ങളുടെ ക്ഷീണമകറ്റാന്‍ അല്‍പംപോലും സമയമില്ലാത്ത മത്സരക്രമാണ് ബിസിസിഐ തയ്യാറാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോച്ച് രവി ശാസ്‌ത്രി കളിക്കാര്‍ക്കുവേണ്ടി രംഗത്തെത്തിയത്.

കളിക്കാര്‍ക്ക് മാനസികമായും ശാരീരികമായും തയ്യാറെടുക്കാന്‍ ആവശ്യമായ ഇടവേള പരമ്പരകള്‍ക്കിടെ നല്‍കണം. പരമ്പരകള്‍ നിശ്ചയിക്കുംമുന്‍പ് ക്യാപ്റ്റനോടും കോച്ചിനോടും കൂടിയാലോചന നടത്തണമെന്നും ശാസ്‌ത്രി ബിസിസിഐയോട് ആവശ്യപ്പെട്ടു. ഇംഗ്ലണ്ട് ഓസ്‍ട്രേലിയ തുടങ്ങിയ ടീമുകള്‍ കളിക്കാര്‍ക്ക് ആവശ്യമായ വിശ്രമം നല്‍കുന്നുണ്ടെന്നും ഇന്ത്യയും ഈരീതി പിന്തുടര്‍ന്നില്ലെങ്കില്‍ പലകളിക്കാരും പരുക്കേറ്റ് കരിയര്‍ പൂര്‍ത്തിയാക്കാതെ നിരാശരാവേണ്ടി വരുമെന്നും ശാസ്‌ത്രി ബോര്‍ഡിനെ അറിയിച്ചു.

നേരത്തേ, ചാമ്പ്യന്‍സ് ട്രോഫിയ്ക്കിടെ കളിക്കാര്‍ക്ക് ആവശ്യമായ വിശ്രമം കിട്ടുന്നില്ലെന്ന് ടീം മാനേജര്‍ കപില്‍ മല്‍ഹോത്രയും ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.