ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷവിമർശനവുമായി രവി ശാസ്ത്രി. 

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ ലീഡ്‌സ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ പിന്നിലെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ലീഡ്സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരാജയം. 371 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് അവസാന ദിനം അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാാക്കുകയായിരുന്നു.

പിന്നാലെയാണ് ശാസ്ത്രി ടീമിനെതിരെ തിരിഞ്ഞത്. തോല്‍വി താരങ്ങളുടെ ആത്മവിശ്വാസക്കുറവിനെയാണ് കാണിക്കുന്നതെന്ന് രവി ശാസ്ത്രി തുറന്നടിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍...''ക്യാച്ചുകള്‍ പാഴാക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ഒരിക്കലും ക്യാപ്റ്റന്റെ നിയന്ത്രണത്തിലല്ല. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ശുഭ്മന്‍ ഗില്‍ കഴിയുന്നതിലും കൂടുതല്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു സെഞ്ച്വറി നേടി. ഇന്ത്യ അഞ്ച് വ്യക്തിഗത സെഞ്ച്വറികള്‍ നേടി. ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യന്‍ ടീം സ്‌കോര്‍ 550-600ല്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല.'' ശാസ്ത്രി പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''നിങ്ങള്‍ ബാറ്റ് ചെയ്യാനായി വരുമ്പോള്‍ നിങ്ങളുടെ വിക്കറ്റിന് നിങ്ങള്‍ വില നല്‍കണം. ഒരു ടീം എന്ന നിലയില്‍ അത് ചിന്തിക്കേണ്ട വിഷയമാണ്. തോന്നുന്നത് പോലെ പുറത്തായാല്‍ വലിയ സ്‌കോറുകളിലെത്താനുള്ള അവസരം നഷ്ടമാകും. ഒരു ടീമെന്ന നിലയില്‍ അടിസ്ഥാനപരമായ കാര്യങ്ങളിലടക്കം ഇന്ത്യ വീഴ്ച വരുത്തി. ഇങ്ങനെയുള്ള സമയങ്ങളില്‍ കോച്ചിങ് സ്റ്റാഫ് കൂടുതല്‍ ഗൗരവം കാണിക്കണം. കളിക്കാരുടെ തെറ്റുകള്‍ ചൂണ്ടികാണിക്കണം. മത്സരത്തില്‍ പിഴവ് ആവര്‍ത്തിച്ച താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഡ്രസിങ് റൂമില്‍ പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരിക്കണം.'' ശാസ്ത്രി പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിലേക്കുള്ള ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെ ഒഴിവാക്കി. രണ്ടാം ടെസ്റ്റ് നടക്കുന്ന ബര്‍മിംഗ്ഹാമിലേക്ക് അദ്ദേഹം പോയിട്ടില്ല. ഇന്ത്യ എയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഉണ്ടായിരുന്ന താരമാണ് ഹര്‍ഷിത്. ഇന്ത്യന്‍ ടീമില്‍ ചില താരങ്ങള്‍ക്ക് പരിക്കുണ്ടെന്ന് പറഞ്ഞാണ് ഹര്‍ഷിതിനെ 19-ാമനായി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ രണ്ടാം ടെസ്റ്റിന് മുന്നോടിയായി താരത്തോട് നാട്ടിലേക്ക് മടങ്ങാന്‍ പറയുകയായിരുന്നു.

YouTube video player