മുംബൈ: ഇന്ത്യന്‍ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകനും ടീം ഡയറക്ടറുമായിരുന്ന രവി ശാസ്ത്രി. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു. പരിശീലകനാക്കുമെന്ന് ഉറപ്പു ലഭിച്ചാല്‍ മാത്രമെ താന്‍ അപേക്ഷ അയക്കൂ എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ശാസ്ത്രി പറഞ്ഞു.
ഡങ്കന്‍ ഫ്ലെച്ചര്‍ ടീം കോച്ചായിരുന്നപ്പോള്‍ 2014 മുതല്‍ 2016 വരെ ടീമിന്റെ ഡയറക്ടറായി ശാസ്ത്രി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാസ്ത്രി ടീം ഡയറക്ടായിരിക്കെ ഇന്ത്യന്‍ ടീം ഏകദിന, ട്വന്റി-20 ലോകകപ്പുകളുടെ സെമിയിലെത്തുകയും ചെയ്തു. 2016ല്‍ ഡങ്കന്‍ ഫ്ലെച്ചര്‍ക്ക് പകരക്കാരനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചപ്പോഴും ശാസ്ത്രി അപേക്ഷിച്ചിരുന്നു. എന്നാല്‍ ഉപദേശക സമിതി അംഗങ്ങള്‍ക്ക് മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിമുഖത്തില്‍ പങ്കെടുത്ത ശാസ്ത്രിയ്ക്കെതിരെ സമിതി അംഗമായ സൗരവ് ഗാംഗുലി നിലപാടെടുത്തു. ഇന്ത്യന്‍ പരിശീലകനാവാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് അഭിമുഖത്തിനെത്തുകയാണ് വേണ്ടതെന്ന് ഗാംഗുലി വ്യക്തമാക്കിയതോടെ ശാസ്ത്രിയുടെ സാധ്യത മങ്ങി.
പിന്നീട് അനില്‍ കുംബ്ലെയെ ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ചേര്‍ന്ന് തെരഞ്ഞെടുക്കുകയായിരുന്നു. കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം കുംബ്ലെ പരിശീലക സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുമായും ടീം അംഗങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ശാസ്ത്രിയ്ക്ക് പരിശീലക സ്ഥാനത്തേക്ക് സാധ്യത കൂടുതലാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഉപദേശകസമിതിയുടെ അംഗങ്ങളുടെ നിലപാട് നിര്‍ണായകമാവും.
