മുംബൈ: ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് ഉപദേശക സ്ഥാനത്തു നിന്ന് സഹീര്‍ ഖാനെ ഒഴിവാക്കിയ ഹെഡ് കോച്ച് രവി ശാസ്ത്രി വിദേശ പരമ്പരകളില്‍ ബാറ്റിംഗ് ഉപദേശകനായി നിയമിക്കപ്പെട്ട രാഹുല്‍ ദ്രാവിഡിനെ ഒഴിവാക്കാന്‍ ഇതിഹാസ താരത്തെ രംഗത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലക സ്ഥാനത്തേക്ക് തന്നെ പിന്തുണച്ച സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ തന്നെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റാക്കണമെന്നാണ് ശാസ്ത്രി ക്യാംപ് ആവശ്യപ്പെടുന്നതെന്നാണ് ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിദേശ പരമ്പരകളില്‍ ബാറ്റിംഗ് ഉപദേശകനായാണ് ദ്രാവിഡിനെ നിയോഗിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ എ ടീം പരിശീലകന്‍ കൂടിയായ ദ്രാവിഡിന്റെ സേവനം വിദേശ പരമ്പരകളില്‍ എത്രമാത്രം ലഭ്യമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ദ്രാവിഡ് പോകുന്നില്ല. ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോവുന്നതിനാലാണിത്. ഈ സാഹചര്യത്തില്‍ ദ്രാവിഡിന് പകരം സച്ചിനെ ബാറ്റിംഗ് ഉപദേശകനാക്കണമെന്നാണ് ശാസ്ത്രി ക്യാംപ് രഹസ്യമായി ആവശ്യപ്പെടുന്നത്.

ഇത്തരമൊരു നിര്‍ദേശം വന്നാല്‍ അതിനെ ഗാംഗുലി ഉള്‍പ്പെടെ ആര്‍ക്കും എതിര്‍ക്കാനും കഴിയില്ല. സച്ചിന്റെ പേര് ഉയര്‍ന്നുവന്നാല്‍ അടിമുടി മാന്യനായ ദ്രാവിഡ് വിവാദം ഒഴിവാക്കാനായി സ്വയം പിന്‍മാറാനും സാധ്യതയുണ്ട്. കാരണം സച്ചിനുമുകളില്‍ മറ്റാരെയും ഈ പദവിയിലേക്ക് പരിഗണിക്കാനില്ലെന്നതുതന്നെ. എന്നാല്‍ ശാസ്ത്രിയെക്കൂടി നിയമിച്ച ഉപദേശക സമിതി അംഗമായിരുന്ന സച്ചിന്‍ ഈ പദവി ഏറ്റെടുക്കാന്‍ തയാറാവുമോ എന്നാണ് കണ്ടറിയേണ്ടത്.

വിംബിള്‍ഡണ്‍ ടെന്നീസ് നടക്കുന്ന വേളയില്‍ ലണ്ടനിലായിരുന്നു സച്ചിനും ശാസ്ത്രിയും. ലണ്ടനിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ശാസ്ത്രിയും സച്ചിനും കോച്ചിനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ പങ്കെടുത്തതും. പരിശീലക സ്ഥാനത്തേക്ക് ശാസ്ത്രിയെ പിന്തുണച്ചതിന് പ്രത്യുപകാരമായി ബാറ്റിംഗ് ഉപദേശകസ്ഥാനത്തേക്ക് സച്ചിന്റെ പേര് ശാസ്ത്രി ക്യാംപ് നിര്‍ദേശിക്കുന്നതെന്നാണ് സൂചന. അങ്ങനെ വന്നാല്‍ സഹീറിനെയെന്നപോലെ ദ്രാവിഡിനെയും ശാസ്ത്രി ക്യാംപിന് അനായാസം ഒഴിവാക്കാനാവും.