കൊളംബോ: ഐസിസി റാങ്കിങില്‍ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് രവീന്ദ്ര ജഡേജ. ബൗളിംഗില്‍ ഒന്നാം റാങ്കിന് തൊട്ടുപിന്നാലെ ഓള്‍റൗണ്ട് മികവിലും ജേഡ്ജ കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെ മറികടന്നാണ് ജഡേജ ഓള്‍റൗണ്ട് മികവില്‍ മുന്നിലെത്തിയത്. 

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ 70 റണ്‍സ് നോട്ടൗട്ടും ഏഴ് വിക്കറ്റ് നേട്ടവുമാണ് ജഡേജയുടെ ഓള്‍റൗണ്ട് മികവും ഉയര്‍ത്തിയത്. 418 പോയിന്റുമായി ഓള്‍റൗണ്ട് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയ ജഡേജയെ തേടി അഭിനന്ദന പ്രവാഹം സഹതാരങ്ങളില്‍നിന്നും ഉണ്ടായി. വിരാട് കോലി അഭിനന്ദിച്ച് ട്വിറ്റ് ചെയ്തു. ഇന്ത്യയുടെ വാള്‍പോരാളി എന്നാണ് ട്വീറ്റില്‍ ജഡേജയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിശേഷിപ്പിച്ചത്.

ഇത്തരം അഭിനന്ദനങ്ങള്‍ക്ക് നന്ദിയറിയിച്ചാണ് മികവിന്റെ യാത്രയില്‍ താങ്ങായി നിന്ന രണ്ട് സഹതാരങ്ങളെ ജഡേജ പ്രത്യേകം പരാമര്‍ശിച്ചത്. ഇന്ത്യ കണ്ട എക്കാലത്തെയും മികിച്ച നായകന്‍ മഹേന്ദ്രസിങ് ധോണിയും ഇപ്പോഴത്തെ നായകന്‍ വിരാട് കോലിയും. 
ഒപ്പം ആരാധകരുടെയും കുടുംബത്തിന്‍റെയും ബിസിസിഐയുടെയും ഐസിസിയുടെയും ടീം ഇന്ത്യയുടെയും എല്ലാം പിന്തുണയ്ക്കും ജഡേജ ട്വീറ്റിലൂടെ നന്ദി അറിയിക്കുന്നു. ധോണിയുടെയും കോഹ്ലിയുടെയും ഒപ്പമുള്ള ചിത്രത്തോടെയായിരുന്നു ജഡേജയുടെ ട്വീറ്റ്.