ഫിലിപ്പെ കുട്ടിന്യോയുടെ ഹാട്രിക്ക് മികവിൽ ലിവ‍ർപൂളിന് ചാംപ്യൻസ് ലീഗിൽ തകർപ്പൻ ജയം. സ്പാർട്ടക് മോസ്കോയെ മറുപടിയില്ലാത്ത ഏഴ് ഗോളിനാണ് ലിവർപൂൾ മോസ്കോയെ തകർത്തു. ഫിലിപ്പ് കുട്ടിന്യോയ്‌ക്ക് പുറമെ സാഡിയോ മാനെ ഇരട്ട ഗോളും മുഹമ്മദ് സലാ, റോബെർട്ടോ ഫിർമിനോ എന്നിവർ ഓരോ ഗോളും നേടി. ഈ ജയത്തോടെ ലിവർപൂൾ ഗ്രൂപ്പ് ഇയിൽ ലിവർപൂൾ 12 പോയിന്റുമായി ഒന്നാം സ്ഥാനത്തോടെ പ്രീക്വാർട്ടറിലേക്ക് മുന്നേറി.

ഗ്രൂപ്പ് എഫിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഷാക്ത‍ർ ഡോണെക്റ്റ്‌സിനോട് അപ്രതീക്ഷിത തോൽവി നേരിട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഷാക്തർ ഡോണെക്റ്റ്‌സ്, സിറ്റിയെ തോൽപ്പിച്ചത്. ബെർനാഡും ഇസ്മയിലിയുമാണ് ഷാക്തറിന് വേണ്ടി ഗോൾ നേടിയ താരങ്ങൾ. ഞായറാഴ്ച സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. അര്‍ജന്റീനൻ താരം സെര്‍ജി അഗ്യൂറോയുടെ വകയായിരുന്നു സിറ്റിയുടെ ആശ്വാസഗോള്‍. തോൽവി നേരിട്ടെങ്കിലും എഫ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ സമാപിച്ചപ്പോള്‍ 15 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതാണ്.

ഗ്രൂപ്പ് എച്ചിൽ റയൽ മാഡ്രിഡ് ബൊറൂസിയ ഡോട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. റയലിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബോര്‍ജ മയോറൽ, ലുകാസ് വാസ്‌ക്വേസ് എന്നിവര്‍ സ്കോർ ചെയ്തു. എന്നാൽ ഗ്രൂപ്പിൽ ടോട്ടനത്തിന് പിന്നിൽ രണ്ടാമതാണ് റയൽമാഡ്രിഡ്.