മാഡ്രിഡ്: സ്‌പാനിഷ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. അവസാന ലീഗ് മത്സരത്തില്‍ മലാഗയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ കിരീടം നേടിയത്. അവസാന മത്സരത്തില്‍ ഐബറിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും ബാഴ്‌സലോണക്ക് രണ്ടാമതെ ഫിനിഷ് ചെയ്യാനായുള്ളു.രാജകീയമായായിരുന്നു തന്നെ റയലിന്റെ കിരീട ധാരണം. സമനില പോലും കിരീടം നല്‍കുമായിരുന്നുവെങ്കിലും മലാഗക്കെതിരെ മിന്നും ജയത്തോടെ റയല്‍ കപ്പില്‍ മുത്തമിട്ടു.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ഇസ്കോയുടെ പ്രതിരോധം പിളര്‍ത്തിയ പാസ് സ്വീകരിച്ച റൊണാള്‍ഡോ റയലിന് ലീഡ് സമ്മാനിച്ചു.പിന്നെ രണ്ടാം പകുതിയില്‍ ബെന്‍സേമയുടെ ബൂട്ടില്‍ നിന്ന് കപ്പ് ഉറപ്പിച്ച ഗോള്‍. റയലിന്റെ മുപ്പത്തിമൂന്നാമത്തെ ലാലിഗ കിരീടമാണിത്. 2012ന് ശേഷം ആദ്യത്തെയും. രണ്ട് ഗോളിന് പിന്നിട്ട നിന്ന ശേഷം തിരിച്ചടിച്ചാണ് ബാഴ്‌സ 4-2ന്റെ ജയം നേടിയത്. കറ്റാലന്‍സിനായി സൂപ്പര്‍ താരം ലിയോണല്‍ മെസ്സി രണ്ട് തവണ പന്തിനെ വല തൊടിച്ചു. 37 ഗോളോടെ ലീഗിലെ ടോപ് സ്കോററുമായി മെസ്സി.
ലാലീഗ സീസണിന് തിരശ്ശീല വീണപ്പോള്‍ റയല്‍ 37 കളികളില്‍ നിന്ന് 93 പോയിന്റ് നേടിയാണ് റയല്‍ ചാമ്പ്യന്മാരായത്. ബാഴ്‌സ 90 പോയിന്റുമായി രണ്ടാമതും. 78 പോയന്റ് നേടിയ അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്. 72 പോയന്റുമായി സെവിയ്യ നാലാമതെത്തി.
