മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫ്രീ കിക്ക് ഗോളിനും റയിലനെ പുറത്താകലില്‍ നിന്ന് രക്ഷിക്കാനായില്ല. കോപ്പ ഡെല്‍ റേ ഫുട്ബോളില്‍ സെമി കാണാതെ റയല്‍ മാഡ്രിഡ് പുറത്തായി. രണ്ടാം പാദ ക്വാര്‍ട്ടറില്‍ റയലിനെ സെല്‍റ്റ വിഗോ സമനിലയില്‍(2-2)തളച്ചു. ഡാനിലോയുടെ സെല്‍ഫ് ഗോളാണ് റയലിന് തിരിച്ചടിയായത്. ആദ്യ പാദ ക്വാര്‍ട്ടറില്‍ സെല്‍റ്റ വിഗോ 2-1ന് ജയിച്ചിരുന്നു.

പകുതി സമയത്തിന് തൊട്ടുമുമ്പ് ഡാനിലോയുടെ സെല്‍ഫ് ഗോളില്‍ റയല്‍ പിന്നിലായി. ഫ്രീ കിക്ക് ഗോളിലൂടെ റൊണാള്‍ഡോ റയിലിന് വീണ്ടും പ്രതീക്ഷ നല്‍കി. രണ്ടു വര്‍ഷത്തിനുശേഷമാണ് കോപ ഡെല്‍ റേയില്‍ റൊണാള്‍ഡോ ഗോള്‍ നേടുന്നത്. എന്നാല്‍ അഞ്ചു മിനിട്ടിനകം ഡാനിയല്‍ വാസ് വീണ്ടും സെല്‍റ്റാവിഗോയെ മുന്നിലെത്തിച്ചു.

ഇഞ്ചുറി ടൈമില്‍ ലൂക്കാസ് വാര്‍ക്വസ് നേടിയ ഗോള്‍ റയലിനെ തോല്‍വിയുടെ നാണക്കേടില്‍ നിന്ന് രക്ഷിച്ചെങ്കിലും ക്വാര്‍ട്ടര്‍ കടമ്പ കടക്കാനായില്ല. ആല്‍വ്സ്, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകളും സെമിയിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബാഴ്സലോണ, റയല്‍ സോഷ്യാഡിനെ നേരിടും. ആദ്യപാദത്തില്‍ ബാഴ്സ 1-0ന് ജയിച്ചിരുന്നു.