മാഡ്രിഡ്: തുടര്‍ച്ചയായി 40 മത്സരം തോല്‍ക്കാതിരുന്ന റയല്‍ മാഡ്രിഡിന് നാലു ദിവസത്തിനുള്ളില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി. കോപ്പ ഡെല്‍ റേ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ സെല്‍റ്റാ വിഗോയാണ് റയലിനെ ഹോം ഗ്രൗണ്ടില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയത്. ഞായറാഴ്ച സ്പാനിഷ് ലീഗില്‍ സെവിയ്യയോടും തോറ്റ റയലിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. സെവിയ്യയായിരുന്നു തുടര്‍ച്ചയായി 40 മത്സരങ്ങളില്‍ തോല്‍ക്കാതിരുന്ന റയലിന്റെ കുതിപ്പിന് തടയിട്ടത്.

ആറ് മിനിട്ടിന്റെ ഇടവേളയിലായിരുന്നു മൂന്നു ഗോളുകളും. 64-ാം മിനിറ്റില്‍ ലാഗോ ആസ്പാസിലൂടെ സെല്‍റ്റാ വിഗോ ആണ് ആദ്യം മുന്നിലെത്തിയത്. അഞ്ച് മിനിറ്റിനകം മാഴ്സലോയിലൂടെ റയല്‍ സമനില പിടിച്ചെങ്കിലും അതിന് ഒരു നിമിഷത്തിന്റെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു.

ജോണിയിലൂടെ സെല്‍റ്റ വീണ്ടും മുന്നിലെത്തി. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ ലഭിച്ച സുവര്‍ണാവസരം കരീം ബെന്‍സേമ ബാറിന് മുകളിലൂടെ പറത്തിയതോടെ റയല്‍ പ്രതീക്ഷകള്‍ അവസാനിച്ചു.