മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് ടോട്ടണ്‍ഹാം തകര്‍ത്തു. ഇതോടെ റയലിനെ പിന്തള്ളി ടോട്ടന്‍ഹാം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ജയത്തോടെ ടോട്ടന്‍ഹാം നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കി.

മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ മാരിബോറിനെയും മാഞ്ചസ്റ്റര്‍ സിറ്റി നാപ്പോളിയേും തോല്‍പ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ മാരിബോറിനെ തകര്‍ത്തത്. ജയത്തോടെ ലിവര്‍പൂള്‍ നോക്കൗട്ട് സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു.

രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി നാപ്പോളിയെ തോല്‍പ്പിച്ചത്. ജയത്തോടെ സിറ്റി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചെങ്കില്‍ തോല്‍വി നാപ്പോളിയുടെ നില പരുങ്ങലിലാക്കി. മത്സരത്തില്‍ ഗോള്‍ നേടിയതോടെ സെര്‍ജിയോ അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഏറ്റവും അധികം ഗോള്‍ നേടുന്ന താരമായി മാറി. 178 ഗോളുകളാണ് അഗ്യൂറോ ഇതുവരെ നേടിയത്.