മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കറ്റാലന്‍ ക്ലബ്ബായ ജിറോണയ്ക്കെതിരെ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. നവാഗതരായ ജിറോണ, ഒന്നിനെതിരെ രണ്ടു ഗോളിനാണ് അവരെ അട്ടിമറിച്ചത്.
പന്ത്രണ്ടാം മിനിറ്റില്‍ ഇസ്കോയിലൂടെ മുന്നിലെത്തിയ റയല്‍ രണ്ടാം പകുതിയില്‍ ആണ് രണ്ട് ഗോളുകള്‍ വഴങ്ങിയത്. ആദ്യപകുതിയില്‍ ജിറോണയുടെ രണ്ട് ഷോട്ടുകള്‍ റയല്‍ പോസ്റ്റില്‍ തട്ടി പോയില്ലായിരുന്നെങ്കില്‍ തോല്‍വി ഇതിലും കനത്തതായേനെ. തോല്‍വിയോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാള്‍ എട്ട് പോയന്റ് പിന്നിലായി റയല്‍. രണ്ടാം സ്ഥാനത്തുള്ള വലന്‍സിക്ക് റയലിനേക്കാള്‍ നാലു പോയന്റ് ലീഡുണ്ട്.
27 വര്‍ഷത്തിന് ശേഷമാണ് ലാ ലിഗയില്‍ അരങ്ങേറ്റക്കാരായ ടീമിനോട് റയല്‍ തോല്‍ക്കുന്നത്. ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നതും ആദ്യമായാണ്.കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെത്തുടര്‍ന്ന് സ്പെയിന്‍ ഭരണകൂടവും കാറ്റലോണിയയുടെ പ്രാദേശിക ഭരണകൂടവും തമ്മിലുള്ള അധികാര വടംവലി തുടരുന്നതിനിടെ മാഡ്രിഡ് ടീമിനെതിരെ കറ്റാലന്‍ ക്ലബ്ബായ ജിറോണ നേടിയ വിജയം ആരാധകര്‍ ആഘോഷമാക്കി. ജിറോണ മൈതാനത്ത് നടന്ന മത്സരത്തില്‍ കറ്റാലന്‍ പതാകയുമായാണ് ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയത്.
