നാലാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ വിക്കറ്റ് കീപ്പറായി വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. നാലാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും പന്തിനെ തേടിയെത്തി. ഇത്തരത്തില്‍ ഒരുപാട് നേട്ടങ്ങളാണ് ഡല്‍ഹിക്കാരനെ തേടിയെത്തിയത്.   

ലണ്ടന്‍: നാലാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ വിക്കറ്റ് കീപ്പറായി വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. നാലാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും പന്തിനെ തേടിയെത്തി. ഇത്തരത്തില്‍ ഒരുപാട് നേട്ടങ്ങളാണ് ഡല്‍ഹിക്കാരനെ തേടിയെത്തിയത്. 

ഇംഗ്ലീഷ് അലന്‍ നോട്ടാണ് നാലാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ആദ്യ വിക്കറ്റ് കീപ്പര്‍. 1975ല്‍ ഓസീസിനെതിരായിരുന്നു നേട്ടം. പിന്നാലെ മൊയീന്‍ ഖാന്‍ (പാക്കിസ്ഥാന്‍), ആഡം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ), മുശ്ഫികര്‍ റഹീം (ബംഗ്ലാദേശ്), മാറ്റ് പ്രിയോര്‍ (ഇംഗ്ലണ്ട്), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക) എന്നിവരാണ് സെഞ്ചുറി നേടിയ മറ്റു വിക്കറ്റ് കീപ്പര്‍മാര്‍

ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്നു ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. അജയ് രത്രയ്ക്ക് ശേഷം സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന ബഹുമതിയും പന്തിനെ തേടിയെത്തി. 20 വയസ് മാത്രമാണ് പന്തിന്റെ പ്രായം. ടെസ്റ്റിന്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വേഗമേറിയ സെഞ്ചുറി കൂടിയാണ് പന്തിന്റേത്. 

പന്ത് കളിക്കുന്ന മൂന്നാം ടെസ്റ്റില്‍ തന്നെ സെഞ്ചുറി കണ്ടെത്തി. അതും ഓവര്‍സീസ് സാഹചര്യത്തില്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിക്ക് പോലും ഓവര്‍സീസില്‍ ഒരു സെഞ്ചുറി നേടാന്‍ സാധിച്ചിട്ടില്ല. അവിടെയാണ് പന്ത് കരിയറിന്റെ തുടക്കത്തില്‍ തന്നെ സെഞ്ചുറി കണ്ടെത്തിയത്. 

രണ്ടാം വിക്കറ്റ് കീപ്പറായിട്ടാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ദിനേഷ് കാര്‍ത്തികായിരുന്നു വിക്കറ്റ് കീപ്പര്‍. എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പന്തിന് നറുക്ക് വീണു. ആദ്യരണ്ട് ടെസ്റ്റില്‍ മോശം പ്രകടനമായിരുന്നെങ്കിലും ഓവലിലെ സെഞ്ചുറി പ്രകടനം പന്തിന് വരും മത്സരങ്ങളില്‍ ടീമില്‍ സ്ഥിരം സ്ഥാനം നല്‍കും.