മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ എട്ടാം വിക്കറ്റില്‍ ഒരുമിച്ച വിരാട് കൊഹ്‌ലി-ജയന്ത് യാദവ് സഖ്യം അടിച്ചെടുത്തത് 244 റണ്‍സ്. കൊഹ്‌ലി കലണ്ടര്‍വര്‍ഷത്തില്‍ മൂന്നാം ഡബിളും ജയന്ത് കന്നി സെഞ്ചുറിയും കുറിച്ചപ്പോള്‍ ഇന്ത്യ പിന്നിട്ടത് ഒരുപിടി നാഴികക്കല്ലുകളാണ്.

തുടര്‍ച്ചയായ മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ ഇരട്ട സെഞ്ചുറി തികയ്ക്കുന്നു മൂന്നാമത്തെ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് കൊഹ്‌ലി ഇന്ന് സ്വന്തമാക്കിയത്. വെസ്റ്റീന്‍ഡീസിനെതിരെയും ന്യൂസിലന്‍ഡിനെതിരെയും കൊഹ്‌ലി ഡബിള്‍ അടിച്ചിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍വര്‍ഷത്തില്‍ മൂന്ന് ഡബിള്‍ തികയ്ക്കുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും കൊഹ്‌ലി ഇന്ന് സ്വന്തമാക്കി.

കൊഹ്‌ലി നേടിയ 235 റണ്‍സ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ്. ഓസ്ട്രേലിയക്കെതിരെയ ചെന്നൈയില്‍ ധോണി നേടിയ 224 റണ്‍സിന്റെ റെക്കോര്‍ഡാണ് കൊഹ്‌ലി ഇന്ന് മറികടന്നത്. കൊഹ്‌ലിയുടെ 235 റണ്‍സ് ടെസ്റ്റില്‍ ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന പതിനൊന്നാമത്തെ സ്കോറാണ്.

ഇന്ന് ഡബിള്‍ തികച്ചതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും കൊഹ്‌ലിക്കായി. 2580 റണ്‍സാണ് ഈ വര്‍ഷം ടെസ്റ്റ്, ഏകദിനം, ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി കൊഹ്‌ലിയുടെ സമ്പാദ്യം. 2626 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡ് ആണ് പട്ടികയില്‍ ഒന്നാമത്. 2580 റണ്‍സ് നേടിയിട്ടുള്ള സൗരവ് ഗാംഗുലിയാണ് കൊഹ്‌ലിയ്ക്കൊപ്പമുള്ള മറ്റൊരു താരം. 2541 റണ്‍സ് നേടിയിട്ടുള്ള സച്ചിന്‍ പട്ടികയില്‍ നാലാമതാണ്.

എട്ടാം വിക്കറ്റില്‍ കൊഹ്‌ലി-ജയന്ത് യാദവ് സഖ്യം നേടിയ 244 റണ്‍സ് ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിനെതിരെ എട്ടാം വിക്കറ്റില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ്. ടെസ്റ്റില്‍ എട്ടാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതുതന്നെ. 1996ല്‍ അനില്‍ കുംബ്ലെ-മുഹമ്മദ് അസ്ഹറുദ്ദീന്‍ സഖ്യം നേടിയ 161 റണ്‍സാണ് ഇന്ന് പഴങ്കഥയാക്കിയത്.

ജയന്ത് യാദവ് നേടിയ 104 റണ്‍സ് ഇന്ത്യക്കായി ടെസ്റ്റില്‍ ഒമ്പതാമന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ്.