പോണ്ടിംഗ് ഓസീസ് പരിശീലക സംഘത്തില്‍

സിഡ്‌നി: പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ഓസീസ് താരങ്ങള്‍ക്കൊപ്പം പരിശീലകന്‍ ലീമാന്‍‍ കൂടി പ്രതിരോധത്തിലായപ്പോള്‍ പകരക്കാരനായി ഉയര്‍ന്നുകേട്ട പേരാണ് ഇതിഹാസ താരം റിക്കി പോണ്ടിംഗിന്‍റേത്. എന്നാല്‍ ലീമാന്‍റെ പിന്‍ഗാമിയായി പോണ്ടിംഗിന്‍റെ വിഖ്യാത ടീമിലെ താരമായിരുന്ന ടെസ്റ്റ് ഓപ്പണര്‍ ജസ്റ്റിന്‍ ലാംഗറെ പരിശീലകനായി നിയോഗിക്കാനായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം. എന്നാല്‍ ഓസീസ് ടീമിന്‍റെ പരിശീലക സംഘത്തിലേക്ക് പോണ്ടിംഗിങ്ങിനെയും ചേര്‍ത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയിപ്പോള്‍. 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഓസീസ് ടീമിന്‍റെ പരിശീലക സ്റ്റാഫിലേക്കാണ് പോണ്ടിംഗിനെ ഉള്‍പ്പെടുത്തിയത്. അതേസമയം പരമ്പരയില്‍ കമന്‍റേറ്റര്‍ ചുമതലയും മുന്‍ ഓസീസ് നായകനുണ്ട്. അഞ്ച് ഏകദിനങ്ങളും ഒരു ടി20 മത്സരവുമാണ് പരമ്പരയിലുള്ളത്. മുന്‍പ് രണ്ട് തവണ ഓസീസ് ടി20 ടീമിന്‍റെ സഹ പരിശീലകനായി പോണ്ടിംഗിന് മുന്‍പരിചയമുണ്ട്. ടീമിനൊപ്പം പോണ്ടിംഗ് ചേരുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ലാംഗര്‍ പ്രതികരിച്ചു. എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളായ പോണ്ടിംഗിന് കീഴില്‍ ഓസീസ് രണ്ട് ലോകകപ്പുയര്‍ത്തിയിട്ടുണ്ട്.