ജസ്റ്റിന്‍ ലാംഗര്‍ മുഖ്യ പരിശീലകനായി എത്തിയതിന് പിന്നാലെയാണ് പോണ്ടിംഗിനെയും ഉള്‍പ്പെടുത്തിയത്

സിഡ്നി: ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായ റിക്കി പോണ്ടിംഗിനെ ഓസ്ട്രേലിയന്‍ ടീമിന്‍റെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തി. ഈ മാസം ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു ഏകദിനങ്ങള്‍ക്കും ഒരു ട്വന്‍റി 20 മത്സരത്തിനും വേണ്ടി ടീമിനെ ഒരുക്കുന്ന സംഘത്തിലാണ് പോണ്ടിംഗും എത്തുന്നത്.

പോണ്ടിംഗിന്‍റെ സഹതാരമായിരുന്ന ജസ്റ്റിന്‍ ലാംഗറിനെ ടീമിന്‍റെ മുഖ്യ പരിശീലകനായി നാലു വര്‍ഷ കരാറില്‍ നിയമിച്ചിരുന്നു. പന്തില്‍ കൃത്രിമം കാണിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് ഡാരന്‍ ലേമാന്‍ രാജിവെച്ചതോടെയാണ് ലാംഗര്‍ പരിശീലക സ്ഥാനത്തേക്ക് എത്തിയത്. കമന്‍ററിയുടെ ഭാഗമായി പോണ്ടിംഗ് ഇംഗ്ലണ്ടില്‍ എത്തിയിരുന്നു. അത് കണ്ടപ്പോള്‍ ഇത്രയും പ്രധാന്യമുള്ള പരമ്പരയില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ചിന്തയുണ്ടായി. ഇതോടെ റിക്കിയെ ടീമിനൊപ്പം ചേര്‍ക്കുകയായിരുന്നുവെന്ന് ലാംഗര്‍ പറഞ്ഞു.

നേരത്തേ, ഓസ്ട്രേലിയന്‍ ട്വന്‍റി 20 ടീമിന്‍റെ സഹപരിശീലകനായി രണ്ടു വട്ടം റിക്കി പോണ്ടിംഗ് നിയമിതനായിരുന്നു. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍റെയും പരിശീലകനായിരുന്നു. മൂന്നു തവണ ലോകകപ്പ് നേടിയിട്ടുള്ള റിക്കി വരുന്ന 10ന് ചുമതലയേറ്റെടുക്കും. 

ഇത്രയും പ്രധാന്യമുള്ള പരമ്പരയില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം അവസരങ്ങള്‍ വര്‍ധിപ്പിക്കും: ലാംഗര്‍