2016ല്‍ ലോണ്‍ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.

കൊച്ചി: മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം റിനോ ആന്റോ തന്റെ പഴയ ക്ലബായ ബംഗ്ലളൂരു എഫ്‌സിയില്‍ തിരിച്ചെത്തി. നേരത്തെ, റിനോയുമായുള്ള കരാര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പുതുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. പിന്നാലെയാണ് ബംഗളൂരുവിലേക്ക് തന്നെ മടങ്ങിയത്. 2016ല്‍ ലോണ്‍ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. അടുത്ത സീസണില്‍ തൃശൂരുക്കാരന്‍ മഞ്ഞ ജേഴ്‌സിയില്‍ സ്ഥിരമാവുകയും ചെയ്തു. 

ഒരു വീഡിയോയിലൂടെയാണ് താരം ബംഗളൂരു എഫ്‌സിയിലേക്ക് മടങ്ങിപ്പോകുന്ന വിവരം അറിയിച്ചത്. മലയാളത്തില്‍ ചിത്രീകരിച്ച വീഡിയോ റിനോ നാട്ടില്‍ നിന്ന് ഒരു ലോറിയില്‍ യാത്ര ചെയ്യുന്നതോടെയാണ് ആരംഭിക്കുന്നത്. ലോറിയുടെ ഡ്രൈവര്‍ എങ്ങോട്ടാണെന്ന് ചോദിക്കും. വീട്ടിലേക്കെന്ന് റിനോയുടെ മറുപടി. വീടെവിടെയെന്ന് വീണ്ടും ഡ്രൈവറുടെ ചോദ്യം. അതിന് റിനോ നല്‍കുന്ന മറുപടിയാണ് രസകരം. റിനോ തുടരുന്നു...

Scroll to load tweet…

നിങ്ങള്‍ക്ക് വീടെന്ന് പറഞ്ഞാല്‍ ചുറ്റുപാട്, ഭക്ഷണം എന്നിവയൊക്കെയാണ്. എന്നാല്‍ എനിക്ക് വീടെന്നാല്‍ തന്നെ കൂടുതല്‍ ആള്‍ക്കാര്‍ സ്നേഹിക്കുന്ന, കൂടുതല്‍ സമയം ചെലവഴിക്കുന്ന, ഞാന്‍ സ്വപ്നം കാണുന്ന സ്ഥലമാണെന്ന് താരം പറയുന്നു. ബംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ എത്തുന്നതോടെ അവസാനിക്കുന്ന വീഡിയോയില്‍ അങ്ങനെ ഞാന്‍ എന്റെ വീട് കണ്ടെത്തിയെന്നും റിനോ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ വീഡിയോയ്ക്ക് അത്ര നല്ല പ്രതികരണമല്ല ലഭിക്കുന്നത്. പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ബ്ലാസ്റ്റേഴ്‌സിനെ കുറ്റപ്പെടുത്തുന്ന രീതിയിലാണ വീഡിയോ ചിത്രീകരിച്ചതെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന റിനോ ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തന്റെ ജീവിതത്തിലും കരിയറിലും ബ്ലാസ്റ്റേഴ്‌സ് പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നുവെന്നും ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

Scroll to load tweet…