മുംബൈ: റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ അഭിമാനമായ താരങ്ങള്‍ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സമ്മാനം. ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിനും ഗുസ്തി താരം സാക്ഷി മാലിക്കിനും ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാക്കറിനും സിന്ധുവിന്റെ പരിശീലകന്‍ പുലേല്ല ഗോപീചന്ദിനുമാണ് സച്ചിന്‍ ബിഎംഡബ്ല്യു കാര്‍ സമ്മാനമായി നല്‍കിയത്.
ഹൈദരാബാദിലെ ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്ന ചടങ്ങിലാണ് സച്ചിന്‍ നാലുപേര്‍ക്കും കാറിന്റെ താക്കോല്‍ കൈമാറിയത്. റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയായിരുന്നു സച്ചിന്‍. റിയോയില്‍ സിന്ധു വെള്ളിയും സാക്ഷി വെങ്കലവും നേടിയപ്പോള്‍ ദിപ കര്‍മാക്കര്‍ ജിംനാസ്റ്റിക്സില്‍ അഭിമാനകരമായ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
മുമ്പ് സിന്ധു 19 വയസില്‍ താഴെയുള്ളവരുടെ ഏഷ്യന്‍ ചാമ്പ്യനായപ്പോള്‍ സച്ചിന്‍ സ്വിഫ്റ്റ് കാര്‍ സമ്മാനിച്ചിരുന്നു. തന്റെ സഹോദരന്‍ സച്ചിന്റെ വലിയ ആരാധകനാണെന്നും സച്ചിനോടൊത്തുള്ള കുടുംബ ഫോട്ടോയ്ക്ക് അവസരം നല്‍കണമെന്നുമുള്ള സാക്ഷിയുടെ ആവശ്യം സച്ചിന്‍ സന്തോഷത്തോടെ സ്വീകരിച്ചു.
