ഓസ്‌ട്രേലിയയിലെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ എം.എസ് ധോണിയുടെ റെക്കോഡിനൊപ്പമെത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം ധോണിക്കൊപ്പം പങ്കിടുകയാണ് ഋഷഭ് പന്ത്.

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ എം.എസ് ധോണിയുടെ റെക്കോഡിനൊപ്പമെത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം ധോണിക്കൊപ്പം പങ്കിടുകയാണ് ഋഷഭ് പന്ത്. ഓസീസിനെതിരെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ആറ് ക്യാച്ചുകളാണ് പന്തെടുത്തത്. 

ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ ക്യാച്ചുകളാണ് പന്തിന്‍റെ ഉള്ളംകൈയ്യില്‍ കുടുങ്ങിയത്. ഇതില്‍ അഞ്ചും ക്യാച്ചുകളും പേസര്‍മാരുടെ പന്തുകളിലായിരുന്നു. ഒരു ക്യാച്ച് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ ആര്‍. അശ്വിന്റെ പന്തിലും. 

2009ല്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലാണ് ധോണി നേട്ടം സ്വന്തമാക്കിയത്. വെല്ലിങ്ടണില്‍ നടന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു ധോണിയുടെ നേട്ടം. ഒരിന്നിങ്‌സില്‍ ഏഴു ക്യാച്ചുകളാണ് ലോക റെക്കോഡ്. പാക്കിസ്ഥാന്റെ വസീം ബാരി, ഇംഗ്ലണ്ടിന്റെ ബോബ് ടെയ്‌ലര്‍, ന്യൂസിലന്‍ഡിന്റെ ഇയാന്‍ സ്മിത്ത്, വിന്‍ഡീസിന്റെ റിഡ്‌ലി ജേക്കബ്‌സ് എന്നിവരുടെ പേരിലാണ് ഈ റെക്കോഡ്.