Asianet News MalayalamAsianet News Malayalam

ഗില്ലിയും ധോണിയും സാഹയുമൊക്കെ അങ്ങ് മാറി നില്‍ക്ക്; അവര്‍ക്ക് മുന്നില്‍ ഇനി പന്തിന്‍റെ പേര്

ഓസീസിനെതിരെ ആദ്യ ടെസ്റ്റില്‍ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന റെക്കോഡിനൊപ്പമാണ് പന്തെത്തിയത്. 11 ക്യാച്ചുകളാണ് പന്ത് ടെസ്റ്റില്‍ ഒന്നാകെ സ്വന്തമാക്കിയത്.

Rishabh Pant makes new record behind stumps
Author
Adelaide SA, First Published Dec 10, 2018, 1:41 PM IST

അഡ്‌ലെയ്ഡ്: ഓസീസിനെതിരെ ആദ്യ ടെസ്റ്റില്‍ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന റെക്കോഡിനൊപ്പമാണ് പന്തെത്തിയത്. 11 ക്യാച്ചുകളാണ് പന്ത് ടെസ്റ്റില്‍ ഒന്നാകെ സ്വന്തമാക്കിയത്. ഇതില്‍ ആറെണ്ണം ആദ്യ ഇന്നിങ്‌സിലും അഞ്ച് ക്യാച്ചുകള്‍ രണ്ടാം ഇന്നിങ്‌സിലും. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന് എം.എസ് ധോണിയുടെ നേട്ടത്തിനൊപ്പമെത്താനും പന്തിന് സാധിച്ചിരുന്നു. ഒരു ടെസ്റ്റില്‍ 10 ക്യാച്ച് വീതമെടുത്ത ഓസീസ് മുന്‍ വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റ്, ബോബ് ടെയ്‌ലര്‍ (ഇംഗ്ലണ്ട്) വൃദ്ധിമാന്‍ സാഹ (ഇന്ത്യ) എന്നിവരെ മറികടക്കാനും പന്തിനായി. 

ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന ലോക റെക്കോഡുക്കാരുടെ ലിസ്റ്റിലാണ് അഡ്‌ലെയ്ഡ് ടെസ്റ്റിലെ പ്രകടനത്തോടെ പന്ത് ഇടം നേടിയത്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാക്ക് റസ്സല്‍ (1995ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹാനസ്ബര്‍ഗില്‍), ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ എ.ബി. ഡിവില്ലിയേഴ്‌സ് (2013ല്‍ പാക്കിസ്ഥാനെതിരെ ജൊഹാനസ്ബര്‍ഗില്‍) എന്നിവര്‍ക്കൊപ്പമാണ് പന്തും റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ഇതിനിടെ രണ്ടാം ഇന്നിങ്‌സില്‍ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ നഥാന്‍ ലിയോണിന്റെ ക്യാച്ച് കൈവിട്ടത് റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും പന്തിന് നഷ്ടമായി. 

ഒന്നാം ഇന്നിങ്‌സില്‍ ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ ക്യാച്ചു സ്വന്തമാക്കിയ പന്ത് രണ്ടാം ഇന്നിങ്‌സില്‍ ഫിഞ്ച്, ഹാരിസ്, മാര്‍ഷ്, ടിം പെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെയും കയ്യിലൊതുക്കി. ഇക്കാര്യത്തില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറിന്റെ റെക്കോഡും പന്തിന്റെ പേരിലാണ്. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ 10 ക്യാച്ചു സ്വന്തമാക്കിയ വൃദ്ധിമാന്‍ സാഹയുടെ റെക്കോഡാണ് പന്തു സ്വന്തം പേരിലാക്കിയത്. ഓസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന് ധോണിയുടെ റെക്കോഡും പന്ത് മറികടന്നു. ഒമ്പത് ക്യാച്ചുകളാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ പേരിലുണ്ടായിരുന്നത്.
 

Follow Us:
Download App:
  • android
  • ios