റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ്. ചേതേശ്വര്‍ പൂജാരയുടെ ഡബിള്‍ സെഞ്ചുറിയുടെയും വൃദ്ധിമാന്‍ സാഹയുടെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യയുടെ മുന്നേറ്റും. നാലാം ദിനം ആദ്യ രണ്ട് സെഷനിലും ഒറ്റ വിക്കറ്റ് പോലും വീഴ്‌ത്താന്‍ അനുവദിക്കാതെ പൂജാര-സാഹ സഖ്യം ഓസീസിനെ വെള്ളംകുടിപ്പിച്ചു.
ഇരുവരുടെ ബാറ്റിംഗ് മികവില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ ഒടുിവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 541 റണ്‍സെടുത്തിട്ടുണ്ട്. 525 പന്ത് നേരിട്ട മാരത്തണ്‍ ഇന്നിംഗ്സില്‍ 202 റണ്‍സ് നേടി പൂജാര പുറത്തായപ്പോള്‍ 117 റണ്‍സെടുത്ത് സാഹ പുറത്തായി. രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 90 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡായി.
കരിയറിലെ മൂന്നാമത്തെയും ഓസ്ട്രേലിയക്കെതിരായ രണ്ടാമത്തെയും ഡബിള്‍ സെഞ്ചുറിയാണ് പൂജാര റാഞ്ചിയില്‍ കുറിച്ചത്. 525 പന്ത് നേരിട്ട പൂജാര ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട ഇന്ത്യന്‍ ബാറ്റ്സ്മാനുമായി. 495 പന്ത് നേരിട്ട ദ്രാവിഡിന്റെ റെക്കോര്‍ഡാണ് പൂജാര മറികടന്നത്. 214 പന്തിലാണ് സാഹ തന്റെ കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. ഏഴാം വിക്കറ്റില്‍ സാഹ-പൂജാര സഖ്യം 199 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയ്ക്കായി പൂജാരയും സാഹയും കരുതലോടെയാണ് തുടങ്ങിയത്. ലഞ്ചിന് മുമ്പുള്ള ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ ഓസീസ് സ്കോറിന് അടുത്തെത്താനായിരുന്നു ഇരുവരുടെയും ശ്രമം. അതില്‍ വിജയിച്ച ഇരുവരും പിന്നീട് ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചു.
