റാഞ്ചി: രണ്ടാം ടെസ്റ്റിലെ ഡിആര്‍എസ് വിവാദത്തിന് അപരാജിത സെഞ്ചുറിയിലൂടെ മറുപടി പറഞ്ഞ സ്റ്റീവന്‍ സ്മിത്തിന്റെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ മികച്ച സ്കോര്‍ കുറിച്ചു. 299/4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസീസ് രണ്ടാം ദിനം 451 റണ്‍സിന് ഓള്‍ ഔട്ടായി. 178 റണ്‍സുമായി സ്മിത്ത് പുറത്താകാതെ നിന്നപ്പോള്‍ കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ച ഗ്ലെന്‍ മാക്സ്‌വെല്‍ ഓസീസ് ഇന്നിംഗ്സിന് കരുത്തായി. അശ്വിന്‍ ഒരിക്കല്‍ കൂടി നിറം മങ്ങിയപ്പോള്‍ ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റെടുത്ത ഉമേഷ് യാദവും തിളങ്ങി.

രണ്ടാം ദിനവും ഇന്ത്യയെ നയിക്കാന്‍ കോലി ഗ്രൗണ്ടിലിറങ്ങിയില്ല. രണ്ടാം ദിനം സെഞ്ചുറി തികച്ചയുടന്‍ മാക്സ്‌വെല്ലിനെ വീഴ്‌ത്തി ജഡേജ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ബാറ്റേന്തിയവരെല്ലാം ഓസീസ് ഇന്നിംഗ്സിലേക്ക് തങ്ങളുതേടായ സംഭാവന നല്‍കിയാണ് മടങ്ങിയത്. ഒരറ്റത്ത് പാറപോലെ ഉറച്ചുനിന്ന സ്റ്റീവ് സ്മിത്തിനെ പുറത്താക്കാമെന്ന പ്രതീക്ഷ കൈവിട്ട ഇന്ത്യ മറ്റേ അറ്റത്ത് വിക്കറ്റുകളോരോന്നായി വീഴ്‌ത്തി. മാക്സ്‌വെല്ലിനുശേഷം മാത്യു വെയ്ഡുമൊത്ത്(37) 64 റണ്‍സിന്റെ കൂട്ടുകെടടുയര്‍ത്തി സ്മിത്ത് ഓസീസിനെ 400ന് അടുത്തെത്തിച്ചു.

എന്നാല്‍ ഒരോവറില്‍ വെയ്ഡിനെയും കമിന്‍സിനെയും പുറത്താക്കി ജഡേജ ഓസീസിനെ 395/7ലേക്ക് തള്ളിവിട്ടെങ്കിലും ഒക്കീഫേ(25)യെ കൂട്ടുപിടിച്ച് സ്മിത്ത് മുന്നേറി. ഒക്കീഫെയെ മടക്കി ഉമേഷ് യാദവ് ഇന്ത്യയ്ക്ക് വീണ്ടും ആശ്വാസമേകി. വാലറ്റത്തെക്കൂട്ടുപിടിച്ച് ഡബിള്‍ അടിക്കാനുള്ള സ്മിത്തിന്റെ ശ്രമം ജഡേജയുടെ ഫീല്‍ഡിംഗ് മികവില്‍ പൊലിഞ്ഞു. ലയണെ(1) മടക്കിയ ജഡേജ ഹേസല്‍വുഡിനെ(0) റണ്ണൗട്ടാക്കി ഓസീസ് ഇന്നിംഗ്സിനെ തിരശീലയിട്ടു. 178 റണ്‍സിന്റെ ക്ലാസിക് ഇന്നിംഗ്സിലൂടെ സ്മിത്ത് ഒരിക്കല്‍കൂടി ഓസീസിന്റെ യഥാര്‍ഥ നായകനായി.