ലണ്ടന്‍: വിംബിള്‍ഡണില്‍ പരിക്ക് മറച്ചുവച്ച് താരങ്ങള്‍ കളിക്കുന്നതിനെ വിമര്‍ശിച്ച് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. മത്സരം പൂത്തിയാക്കാനാകില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ കോര്‍ട്ടില്‍ ഇറങ്ങരുതെന്ന് ഫെഡറര്‍ പറഞ്ഞു. കളിക്കിടെ പിന്മാറുന്നത് കാണികളോട് കാട്ടുന്ന അനീതിയാണെന്നും ഫെഡറര്‍ പറഞ്ഞു.
വിംബിള്‍ഡന്‍റെ ആദ്യ 2 ദിവസത്തിനുള്ളില്‍ 8 കളിക്കാര്‍ പിന്മാറിയ പശ്ചാത്തലത്തിലാണ് റോജര്‍ ഫെഡറര്‍ അതൃപ്തി പരസ്യമാക്കിയത്.ആദ്യ റൗണ്ട് എതിരാളി പരിക്കേറ്റ് പിന്മാറിയതിനാല്‍ 43 മിനിറ്റ് മാത്രം കോര്‍ട്ടില്‍ ചെലവിട്ട ഫെഡറര്‍ വിംബിള്‍ഡണ്‍ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു.ഒരു മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള താരങ്ങള്‍ കോര്‍ട്ടില്‍ ഇറങ്ങരുതെന്നും സ്വിസ് ഇതിഹാസം പറഞ്ഞു.
പരിക്ക് മറച്ചുവച്ച് കളിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ എടിപി പരീക്ഷിച്ച പുതിയ ചട്ടങ്ങള്‍ ഗ്രാന്‍സ്ലാം ടൂര്‍ണമന്‍റുകളും നടപ്പാക്കണമെന്നും ഫെഡറര്‍ ആവശ്യപ്പെട്ടു. സെര്‍ബിയന്‍ താരം യാന്‍കോ ടിപ്സാരേവിച്ച് 15 മിനിറ്റ് കളിച്ചി ശേഷം ആണ് പിന്മാറിയത്.സമ്മാനത്തുക നഷ്‌ടാകാതിരിക്കാനാണ് പരിക്ക് മറച്ചുവച്ചും കളിക്കാര്‍ ഇറങ്ങുന്നതെന്ന ആക്ഷേപമുണ്ട്.
ആദ്യ റൗണ്ടില്‍ തോല്‍ക്കുന്നാള്‍ക്ക് 35000 പൗണ്ട് ലഭിക്കും.റാങ്കിംഗില്‍ പിന്നിലുള്ള കളിക്കാര്‍ക്ക് ഇത് വലിയൊരു തുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഗ്രാന്‍സ്ലാം ഒഴികെയുള്ള എടിപി ടൂര്‍ണമെന്‍റുകളില്‍ മത്സരത്തിന് തൊട്ടുമുന്‍പ് പിന്മാറിയാലും സമ്മാനത്തുക ലഭിക്കും.
