സൂറിച്ച്: ടെന്നിസിൽ ചരിത്രനേട്ടം സ്വന്താക്കി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. പുരുഷ ടെന്നിസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം ഫെഡറര്‍ സ്വന്തമാക്കി. റോട്ടര്‍ഡാം ഓപ്പണിൽ ജര്‍മ്മന്‍ താരം റോബിന്‍ ഹാസിനെ തോൽപ്പിച്ച് സെമിയിലെത്തിയപ്പോഴാണ് റാഫേല്‍ നദാലിനെ പിന്തള്ളി ഫെഡറര്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയത്.

ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ഫെഡററിന്റെ തിരിച്ചുവരവ്. സ്കോര്‍ , 4-6,6-1,6-1. 33ആം വയസ്സിൽ ലോക ഒന്നാം നമ്പര്‍ താരമായ ആന്ദ്രേ ആഗസിയുടെ റെക്കോര്‍ഡ് 36കാരനായ ഫെഡറര്‍ മറികടന്നു. 2012 നവംബറിന് ശേഷം ആദ്യമായാണ് ഫെഡറര്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തുന്നത്.

ഇതിന് മുന്‍പ് 302 ആഴ്ചകള്‍ ഫെഡറര്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയിട്ടുണ്ട്. 36-ാം വയസില്‍ വീണ്ടും ഒന്നാം റാങ്കിലെത്തിയതെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും സ്വപ്ന നേട്ടമാണിതെന്നും ഫെഡറര്‍ പറഞ്ഞു. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി ഇരുപത് ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന റെക്കോര്‍ഡും ഫെഡറര്‍ സ്വന്തമാക്കിയിരുന്നു.