പരിശീലനത്തിനിടെ പരുക്കേറ്റ ശ്രീലങ്കന്‍ നെറ്റ് ബൗളര്‍ക്ക് രോഹിത് സമ്മാനമായി നല്‍കിയത് രണ്ട് വിഐപി ടിക്കറ്റുകള്‍.  

കൊളംബൊ: ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നെറ്റ്‌സില്‍ പന്തെറിയുന്നതിനിടെ പരിക്കേറ്റ ശ്രീലങ്കന്‍ ബൗളര്‍ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സ്‌നേഹ സമ്മാനം. രണ്ട് വിഐപി ടിക്കറ്റുകളാണ് രോഹിത് ശര്‍മ പ്രാദേശിക താരത്തിന് സമ്മാനിച്ചത്. ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും വാര്‍ത്തയായ ത്രിരാഷ്ട്ര ട്വന്റി 20 യില്‍ ഇന്ത്യക്ക് ശ്രീലങ്കന്‍ ആരാധകരുടെ പിന്തുണയും ലഭിച്ചിരുന്നു.

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് കുറച്ച് പ്രാദേശിക ബൗളര്‍മാരെ പന്തെറിയാന്‍ നിയോഗിച്ചിരുന്നു. ഇതില്‍ പരിശീലനത്തിനിടെ കവീന്‍ ഫെര്‍ണാണ്ടോയെന്ന 23കാരന് പരിക്കേറ്റിരുന്നു. വൈകാതെ, അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ രോഹിത് ശര്‍മ ഇയാളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച ശേഷം രണ്ട് വിഐപി ടിക്കറ്റുകള്‍ സമ്മാനിക്കുകയായിരുന്നു.

ഞാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പന്തെറിഞ്ഞു കൊടുക്കുകയായിരുന്നു. ഇതിനിടെ ഋഷഭ് പന്തിന്റെ ഒരു സ്‌ട്രൈറ്റ് ഡ്രൈവ് എന്റെ മുഖത്തിടിച്ചു. മൂക്കില്‍ നിന്ന് രക്തമൊഴുകി. പെട്ടന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിക്കുകയായിരുന്നു. കവീന്‍ പറഞ്ഞു.