ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരം കൈവിട്ട് രോഹിത് ശര്‍മ്മ. കിവീസിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ കോലിയെ മറികടക്കാന്‍ ഒരു സെഞ്ചുറി മതിയായിരുന്നു ഹിറ്റ്‌മാന്.

വെല്ലിങ്ടണ്‍: ന്യുസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മ കൈവിട്ടത് വിരാട് കോലിയെ മറികടക്കാനുള്ള സുവര്‍ണനേട്ടം. അവസാന രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച രോഹിത് ഒരു സെഞ്ചുറി നേടിയിരുന്നെങ്കില്‍ ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കിംഗില്‍ കോലിയെ മറികടന്ന് ഒന്നാമതെത്തുമായിരുന്നു. ഈ രണ്ട് ഏകദിനങ്ങളിലും കോലിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു. 

നിലവില്‍ റാങ്കിംഗില്‍ കോലി ഒന്നാമതും രോഹിത് രണ്ടാം സ്ഥാനത്തുമാണ്. കിവീസിനെതിരായ മൂന്നാം ഏകദിനം കഴിയുമ്പോള്‍ 896 പോയിന്‍റാണ് കോലിക്കുണ്ടായിരുന്നത്. രോഹിതിന് 876 പോയിന്‍റും. അവസാന രണ്ട് ഏകദിനങ്ങള്‍ നഷ്ടമായതോടെ കോലിക്ക് ഒമ്പത് പോയിന്‍റുകള്‍ നഷ്ടമായി. ഇതോടെ ഒന്നാം റാങ്കിലേക്ക് കുതിച്ചെത്താന്‍ രോഹിതിന് ഒരു സെഞ്ചുറി മതിയായിരുന്നു. എന്നാല്‍ ഹിറ്റ്‌മാന് ഈ സുവര്‍ണാവസരം മുതലാക്കാനായില്ല. 

കരിയറില്‍ ആദ്യമായി ഏകദിന ബാറ്റ്സ്‌മാന്‍മാരില്‍ തലപ്പത്തെത്താനുള്ള അവസരമാണ് രോഹിതിന് നഷ്ടമായത്. അവസാന രണ്ട് ഏകദിനങ്ങളില്‍ ഏഴ്, രണ്ട് എന്നിങ്ങനെയായിരുന്നു രോഹിതിന്‍റെ സ്‌കോര്‍. ഇതോടെ രോഹിതിന് നിര്‍ണായകമായ പോയിന്‍റുകള്‍ നഷ്ടമായി. നിലവില്‍ ഒന്നാമതുള്ള കോലിക്ക് 887 പോയിന്‍റും രോഹിതിന് 854 പോയിന്‍റുമാണുള്ളത്.