മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ എക്കാലവും ഗ്രൂപ്പ് യുദ്ധങ്ങള്‍ സാധാരണമായിരുന്നു. കപിലും ഗാവസ്‌ക്കറും, സെവാഗും ധോണിയും ഒടുവില്‍ ധോണിയും കോലിയും തമ്മിലും പോര്‍വിളികളുണ്ടായിരുന്നു. എന്നാല്‍ ഏറെക്കാലത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും ഗ്രൂപ്പ് പോര് തലപൊക്കിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ജേതാക്കളായതിന് പിന്നാലെ അവരുടെ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരെ ഒളിയമ്പ് എയ്തിരിക്കുന്നത്. ടി20യില്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ തയ്യാറാണെന്നാണ് രോഹിത് ശര്‍മ്മ പറയുന്നത്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും വിരാട് കോലിയാണ് ടീം ഇന്ത്യയുടെ നായകന്‍. ഐപിഎല്‍ കിരീടവിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രോഹിത് വിവാദ പ്രസ്താവന നടത്തിയത്. അവിശ്വസനീയമാംവിധം മുംബൈ ഇന്ത്യന്‍സിനെ ജേതാക്കളാക്കിയ രോഹിതിന് ടീം ഇന്ത്യയുടെ ക്യാപ്റ്റനായിക്കൂടെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇപ്പോള്‍ അതിനുള്ള സമയമല്ലെങ്കിലും അവസരം വന്നാല്‍ ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്നായിരുന്നു രോഹിതിന്റെ മറുപടി. ഐപിഎല്ലില്‍ കോലി നയിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് തോറ്റമ്പിയിരുന്നു. ഇതില്‍ കോലി ഏറെ പഴി കേള്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ടി20യില്‍ കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ചര്‍ച്ചകള്‍ സജീവമാകുന്നത്. രോഹിതിന്റെ അവകാശവാദത്തിന് കോലിയുടെ മറുപടിയാണ് ഏവരും ഉറ്റുനോക്കുന്നത്.