പോര്‍ട്ട് എലിസബത്ത്: കരിയറിലെ മോശം കാലത്തിലൂടെയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ കടന്നുപോകുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായി താരം. ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലുമായി ഒറ്റ അര്‍ധ സെഞ്ചുറി പോലും ഹിറ്റ്മാനില്ല. നാല് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് തുടര്‍ച്ചയായ അഞ്ച് ഏകദിനങ്ങളില്‍ അമ്പതിലധികം സ്കോര്‍ ചെയ്യാതെ രോഹിത് പുറത്താകുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍റെ കുറഞ്ഞ ബാറ്റിംഗ് ശരാശരിയാണ് രോഹിതിന്‍റേത്.

ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയിലും രോഹിത് നിറംമങ്ങി. 20,15, 0, 5 എന്നിങ്ങനെയാണ് അവസാന നാല് ഏകദിനങ്ങളില്‍ രോഹിതിന്‍റെ സ്കോര്‍. ആദ്യ ഏകദിനത്തിലൊഴികെ കളിച്ച മൂന്ന് മത്സരങ്ങളിലും റബാഡയുടെ പന്തിലായിരുന്നു രോഹിത് പുറത്തായത്. ഇതോടെ തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങളില്‍ റബാഡയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് രോഹിത് നാണക്കേട് സ്വന്തമാക്കിയിരുന്നു. അഞ്ചാം ഏകദിനത്തില്‍ കൂടി പരാജയപ്പെട്ടാല്‍ രോഹിതിന്‍റെ ടീമിലെ സ്ഥാനത്തിന് തന്നെ ഇളക്കംതട്ടും.