ഏറെ നിര്‍ണായകമായ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി യാത്രതിരിച്ച ഇന്ത്യ ടീമിന് ശക്തമായ മുന്നറിയിപ്പ് നൽകി രോഹിത് ശര്‍മ്മ. ഇതുവരെ ഇന്ത്യയ്‌ക്ക് ദക്ഷിണാഫ്രിക്കയിൽ ക്രിക്കറ്റ് പരമ്പര ജയിക്കാനാകാത്ത സാഹചര്യത്തിലാണ് എതിരാളികളുടെ പേസാക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് രോഹിത് ശര്‍മ്മ നൽകുന്നത്. ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച പേസാക്രമണനിരയാണ് ദക്ഷിണാഫ്രിക്കയുടേതെന്ന് രോഹിത് ശര്‍മ്മ സൂചിപ്പിച്ചു. കാഗിസോ റബാഡ, ഡേൽ സ്റ്റെയ്ൻ, വെറോണ്‍ ഫിലാൻഡര്‍, മോണെ മോര്‍ക്കൽ എന്നിവരുൾപ്പെടുന്ന ബൗളിങ്നിര ഏതൊരു ടീമിനും ഭീഷണിയാണ്. ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും ദക്ഷിണാഫ്രിക്കൻനിരയ്‌ക്ക് കരുത്തേകും. ലോകത്തെ ആദ്യ ചതുർദിന ടെസ്റ്റിൽ സിംബാബ്‌വെയെ രണ്ടുദിവസംകൊണ്ട് ചുരുട്ടിക്കെട്ടിയ ദക്ഷിണാഫ്രിക്ക, ഇന്ത്യയ്‌ക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. പരിക്ക് മൂലം ഏറെനാള്‍ വിട്ടുനിന്ന സ്റ്റെയിനും ഡിവില്ലിയേഴ്സും മടങ്ങിയെത്തുന്നത് ദക്ഷിണാഫ്രക്കയുടെ കരുത്ത് വര്‍ദ്ധിപ്പിക്കും. എന്നാൽ നന്നായി കളിച്ചാൽ ദക്ഷിണാഫ്രിക്കയ്‌ക്കുമേൽ ആധിപത്യം സ്‌ഥാപിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്നും രോഹിത് പറഞ്ഞു.