ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഏറെ പഴികേട്ട ബാറ്റ്സ്‍മാനാണ് ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ. രോഹിത് ശര്‍മ്മയെ ടീമിലെടുത്തതിന് നായകന്‍ വിരാട് കോലിക്ക് എതിരെയും വിമര്‍ശനമുണ്ടായിരുന്നു. ടെസ്റ്റ് പരമ്പരയിലും കഴിഞ്ഞ ഏകദിന പരമ്പരയിലും രോഹിത് ശര്‍മ്മ പരാജയവുമായിരുന്നു. എന്നാല്‍ പരമ്പര നേടാന്‍ ഒരു ജയം കൂടി മാത്രം മതിയെന്നിരിക്കെ നടക്കുന്ന മത്സരത്തില്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍‌ ആദ്യമായി രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ച്വറി നേടിയിരിക്കുന്നു.

ടോസ് നഷ്‍ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രോഹിത് ശര്‍മ്മയായിരുന്നു ഇന്ത്യക്ക് വേണ്ടി ഓപ്പണിംഗിനിറങ്ങിയത്. തുടക്കം മുതലെ നയം വ്യക്തമാക്കിയ രോഹിത് ശര്‍മ്മ 50 പന്തുകളില്‍ നിന്ന് തന്നെ അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കി. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 82 പന്തുകളില്‍ നിന്ന് 78 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ നാല് സിക്സറുകളും എട്ട് ഫോറുകളും ഉള്‍പ്പെടും.

ഏകദിനപരമ്പരയിലെ കഴിഞ്ഞ മത്സരങ്ങളില്‍ 20, 15, 0 എന്നിങ്ങനെയായിരുന്നു രോഹിത് ശര്‍മ്മയുടെ സ്‍കോര്‍. ടെസ്റ്റ് പരമ്പരയില്‍ നാല് ഇന്നിംഗ്സുകളില്‍ 78 റണ്‍സും.