ഷമിയുടെ കരാര്‍ ബിസിസിഐ കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു

മുംബൈ: കരിയറിലെ മോശം കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ ബൗണ്‍സര്‍ ഷമിയുടെ കരിയറിയെ പ്രതികൂലമായി തന്നെ ബാധിച്ചു. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം, ഒത്തുകളി, പരസ്ത്രീ ബന്ധം എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് ഷമിക്കെതിരെ ഉയര്‍ന്നത്. 

പിന്നാലെ ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തി കൊല്‍ക്കത്ത പൊലിസ് എഫ്ഐആര്‍ ചുമത്തിയിരുന്നു. കൊല്‍ക്കത്ത പൊലിസിന്‍റെ അന്വേഷണം നടക്കുന്നതിനിടെ ഷമിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. കരിയറിലെ ക്ലേശകരമായ സമയത്തിലൂടെ കടന്നുപോകുന്ന ഷമി വിവാദങ്ങളില്‍ നിന്ന് മുക്തനായി വേഗം തിരിച്ചുവരട്ടെയെന്ന് രോഹിത് ട്വിറ്ററില്‍ കുറിച്ചു. 

ആരോപണങ്ങളില്‍ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സെല്‍ ഷമിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ വിവാഹേതര ബന്ധം ഷമി തുറന്നു സമ്മതിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രോഹിത് പിന്തുണ അറിയിച്ചത്. ഷമിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ട് നേരത്തെ റദ്ദാക്കിയ കരാര്‍ ബി ഗ്രേഡായി ബിസിസിഐ കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു. 

Scroll to load tweet…